കര്‍ണാടകയില്‍ 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചു ; ബിജെപി നേതൃയോഗം ഗവര്‍ണറെ കണ്ടേക്കും

ബെംഗളുരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് കടുത്ത പ്രതിസന്ധിയില്‍. ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഒഴികെയുള്ള കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജിവെച്ചു. 21 മന്ത്രിമാരാണ് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവച്ചത്. ഉപാധികളൊന്നും മുന്നോട്ടുവെക്കാതെയാണ് മന്ത്രിമാരെല്ലാം രാജിവച്ചതെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു.

പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഇതുവരെ കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും 14 എം.എല്‍.എമാരാണ് രാജിവെച്ചത്. ജെ.ഡി.എസ് ഒപ്പം നിര്‍ത്തിയ എച്ച് നാഗേഷ് എന്ന സ്വതന്ത്ര എം.എല്‍.എ ബി.ജെ.പി പക്ഷത്തേക്ക് പോയി.

രാജി വച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള കോണ്‍ഗ്രസ് മന്ത്രിമാരുടെ രാജി.

അതേസമയം, സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു. വൈകിട്ട് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേരുന്ന ബിജെപി നേതൃയോഗം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചേക്കും.

Top