Congress Minister candidate kerala

ന്യൂഡല്‍ഹി : മുഖ്യമന്ത്രിക്കെതിരായി ആഭ്യന്തര മന്ത്രി അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് കിട്ടിയിട്ടില്ല എന്ന് നിഷേധിച്ചെങ്കിലും കേരളത്തിലെ ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് ആശങ്ക.

സംസ്ഥാന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയോ രമേശ് ചെന്നിത്തലയേയോ മുന്‍നിര്‍ത്തി മാത്രം തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

രമേശ് ചെന്നിത്തല കത്തയച്ചിരുന്നുവെന്ന് രഹസ്യമായി സമ്മതിക്കുന്ന നേതാക്കള്‍ക്ക് പോലും ഇതെങ്ങനെ പുറത്തായി എന്ന കാര്യത്തില്‍ ‘അത്ഭുതമുണ്ടെന്നാണ്’ പുറത്ത് വരുന്ന വിവരം.

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി വി.എച്ച്.പി മുന്നോട്ട് പോവുന്ന അപകടകരമായ സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടത് മുന്നണിയിലേക്ക് ചോരുമെന്ന ആശങ്കയും ഹൈക്കമാന്റിനുണ്ട്.

പ്രതിമാ വിവാദത്തില്‍ വെള്ളാപ്പള്ളി- മുഖ്യമന്ത്രി ഗൂഢാലോചന സി.പി.എം. ആരോപിക്കുന്നതും ഇക്കാര്യത്തില്‍ ഹൈക്കമാന്റില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്.

ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുത്താതെ ന്യൂനപക്ഷ പിന്‍തുണ ഉറപ്പാക്കുക എന്നതാണ് ഹൈക്കമാന്റ് തന്ത്രം.

കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുന്നതാണ് ഉചിതമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതത്രെ. സുധീരന്റെ ക്ലീന്‍ ഇമേജും പൊതുസമൂഹത്തിലും ഭൂരിപക്ഷ-ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയുമാണ് ഇതിന് കാരണം.

ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഏകാഭിപ്രായം ഉണ്ടാവണമെന്ന താല്‍പ്പര്യവും രാഹുലിനുണ്ട്. ഗ്രൂപ്പുകള്‍ വഴങ്ങിയില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് രാഹുല്‍ ഗാന്ധി പോകുമെന്നും സൂചനയുണ്ട്.

എന്നാല്‍ എ-ഐ ഗ്രൂപ്പുകള്‍ ശക്തമായി തന്നെ സുധീരന്റെ വരവിനെ എതിര്‍ക്കുകയാണ്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയ എ.കെ. ആന്റണിയെ രമേശ് ചെന്നിത്തല അനുഗമിച്ചതിനെയും ആശങ്കയോടെയാണ് എ ഗ്രൂപ്പ് നേതൃത്വം കാണുന്നത്.

കേരള കാര്യത്തില്‍ ആന്റണിയുടെ നിലപാട് നിര്‍ണ്ണായകമായതിനാല്‍ വെട്ടിലാകുമോ എന്നതാണ് അവരുടെ ഭീതി. ഉമ്മന്‍ ചാണ്ടിക്ക് തന്നെ വീണ്ടും അവസരം നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഐ ഗ്രൂപ്പാകട്ടെ കത്തു വിവാദം തിരിച്ചടിയായെങ്കിലും ചെന്നിത്തലക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്.

അതേ സമയം ഭരണ തുടര്‍ച്ച യു.ഡി.എഫിന് ലഭിക്കുക എന്നതിലുപരി ഒരു താല്‍പ്പര്യവും ഹൈക്കമാന്റ് പരിഗണിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള നല്ലൊരു ടീം നേതൃ സ്ഥാനത്ത് വരണമെന്നാണ് രാഹുലിന്റെ അഭിപ്രായം.

സംസ്ഥാന കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്റ് വിളിച്ച് ചേര്‍ത്ത നേതൃയോഗത്തിനു ശേഷം സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളെയും എം.എല്‍.എ മാരെയും ഹൈക്കമാന്റ് പ്രതിനിധികള്‍ നേരിട്ട് കണ്ട് അഭിപ്രായം തേടുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സാമൂഹിക-സാംസ്‌കാരിക പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് തേടാനും രാഹുല്‍ ഗാന്ധിക്ക് ഉദ്ദേശമുണ്ട്.

കേരളത്തിലെ പൊതു വികാരവും ജനങ്ങള്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന നിര്‍ദ്ദേശവും സമര്‍പ്പിക്കാന്‍ രാഹുല്‍ തന്റെ ഐ.ടി ടീമിനെ ചുമതലപ്പെടുത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top