അംഗത്വവിതരണം നീട്ടി കോണ്‍ഗ്രസ്; പ്രതീക്ഷിച്ചത് 50 ലക്ഷം പേരെ, ചേര്‍ത്തത് നാല് ലക്ഷം പേരെ മാത്രം

തിരുവനന്തപുരം: അംഗത്വവിതരണം ഏപ്രില്‍ 15 വരെ നീട്ടി കോണ്‍ഗ്രസ്. വിവിധ സംസ്ഥാന കമ്മറ്റികള്‍ ആവശ്യപ്പെട്ടതിനാലാണ് വിതരണം നീട്ടിയത്. കേരളത്തില്‍ അമ്പത് ലക്ഷത്തോളം പേരെ അംഗത്വത്തിലെത്തിക്കാന്‍ തീരുമാനിച്ചെങ്കിലും നേരത്തെ പ്രഖ്യാപിച്ച ദിവസമായ മാര്‍ച്ച് 31ന് നാല് ലക്ഷം പേരെ മാത്രമാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. തെലങ്കാനയില്‍ അംഗത്വ വിതരണം 40 ലക്ഷം കടന്നപ്പോഴാണ് കേരളത്തില്‍ നാല് ലക്ഷം മാത്രമായത്. കര്‍ണാടകത്തില്‍ 30 ലക്ഷം കടന്നിട്ടുണ്ട്.

മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം ഡിസബംറില്‍ അംഗത്വ വിതരണ പരിപാടികളിലേക്ക് കടന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് വളരെ വൈകി മാര്‍ച്ച് അവസാനത്തിലാണ് അംഗത്വ വിതരണത്തിലേക്ക് കടന്നത്. പുനസംഘടനയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അവസാന ഘട്ടത്തില്‍ പുനസംഘടന വേണ്ടെന്ന് വെച്ചതോടെയാണ് അംഗത്വ വിതരണത്തിലേക്ക് നേതാക്കള്‍ കടന്നത്.

ഡിജിറ്റല്‍ അംഗത്വം കേരളത്തില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. അത് കൊണ്ട് തന്നെ പരിശീലനം ആവശ്യമായിരുന്നു. അതും വൈകിയതോടെയാണ് അംഗത്വ വിതരണം താറുമാറായത്. മാര്‍ച്ച് 25ന് ശേഷമാണ് നേതാക്കള്‍ പൂര്‍ണ്ണമായും അംഗത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാന നാല് ദിവസത്തെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിട്ട അംഗത്വം പൂര്‍ത്തികരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് നീട്ടി ചോദിച്ചത്.

Top