നെഹ്‌റു കുടുംബമല്ലാത്തൊരാള്‍ ഭാവിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റാകും: സോണിയ

sonia gandhi

മുംബൈ: നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാള്‍ ഭാവിയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായേക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു സോണിയയുടെ പരാമര്‍ശം.

2004ല്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുത്തത് അദ്ദേഹം തന്നേക്കാള്‍ ആ പദവി അര്‍ഹിച്ചിരുന്നതുകൊണ്ടാണെന്നും സോണിയ വ്യക്തമാക്കി.

ഗാന്ധി കുടുംബത്തില്‍ അംഗമല്ലാത്ത ഒരു നേതാവില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവുമോ എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു ചോദിക്കണമെന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി. തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ കോണ്‍ഗ്രസിന് നേതാക്കളെ തെരഞ്ഞെടുത്തിരുന്ന രീതി ചൂണ്ടിക്കാട്ടിയ സോണിയ, മക്കള്‍ രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ യുഎസിനെ ബുഷ്, ക്ലിന്റണ്‍ കുടുംബത്തെ ഉദാഹരണമായി എടുത്തുപറഞ്ഞു.

കോണ്‍ഗ്രസ് മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് താന്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിയുന്നതെന്നും തന്റെ പരിമിതികള്‍ അറിഞ്ഞാണു താന്‍ പ്രവര്‍ത്തിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Top