കോൺഗ്രസ് പ്രകടനപത്രിക ജിഹാദികളെയും മാവോയിസ്റ്റുകളെയും സംരക്ഷിക്കാൻ ; ജെയ്റ്റ്‌ലി

ന്യൂഡൽഹി : കോണ്‍ഗ്രസ് പ്രകടനപത്രിക രാജ്യത്തെ തകര്‍ക്കാനാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അപകടകരമാണെന്നും അത് നടപ്പാക്കാന്‍ കഴിയില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. ഡൽഹി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയ്‍റ്റ്‍ലിയുടെ ആരോപണം.

രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാർട്ടിക്ക് ഒരു വോട്ടിന് പോലും അർഹതയില്ല. തീർത്തും അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം വാഗ്‍ദാനങ്ങൾ ഉന്നയിക്കാനാകുന്നത്. ‘രാഹുലിന്റെ സുഹൃത്തുക്കളായ ചില ചെറു കൂട്ടങ്ങള്‍ ചേര്‍ന്നാണ് പ്രകടന പത്രിക തയ്യാറാക്കിയത്. കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്റേയും പൊലീസിന്റേയും സാന്നിധ്യം കുറക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിനു പിന്നിലും ഈ ചെറുകൂട്ടങ്ങളാണ്’- ജെയ്റ്റ്‌ലി പറഞ്ഞു.

പല നിയമങ്ങളിലും പുനപരിശോധന നടത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി തീവ്രവാദം മൂലമുണ്ടാകുന്ന ദുരിതം രാജ്യം അനുഭവിക്കുകയാണ്. മുംബൈയില്‍ ഉണ്ടായത് പോലൊരു ഭീകരാക്രമണം ഇനി ഉണ്ടാവാന്‍ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

‘ന്യായ്’ പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുൽ പറയുന്നത്? ഭരണകാര്യങ്ങളിൽ രാഹുലിനുള്ള തിക‌ഞ്ഞ അജ്ഞതയാണ് ഇതിൽ കാണുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു.

Top