കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി; പൗരത്വ ഭേദഗതി നടപ്പാക്കില്ല, പ്രധാന വാഗ്ദാനം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി.

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പൗരത്വ പട്ടിക ഡല്‍ഹിയില്‍ നടപ്പാക്കില്ലെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. പൗരത്വ നിയമ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യും. ഇതുകൂടാതെ പത്രികയില്‍ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കൂടാതെ പ്രായമായവര്‍ക്ക് ബസ്സ് യാത്ര സൗജന്യം, പെണ്‍കുട്ടികള്‍ക്ക് പി.എച്ച്.ഡിവരെ സൗജന്യ വിദ്യാഭ്യാസം, എയിംസിന് തുല്യമായ അഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, എല്ലാവര്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിയവയും പത്രികയില്‍ ഇടം നേടിയിട്ടുണ്ട്. ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 7500 രൂപയും നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.

ഡല്‍ഹി പി.സി.സി ഓഫീസിലാണ് പത്രിക പുറത്തിറക്കല്‍ ചടങ്ങ് നടന്നത്. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ, പി.സി.സി അധ്യക്ഷന്‍ സുഭാഷ് ചോപ്ര, അജയ് മാക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

എന്നാല്‍ മുഖ്യ എതിര്‍ കക്ഷികളായ ആം ആദ്മി പാര്‍ട്ടി റിപ്പോര്‍ട്ട് കാര്‍ഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

Top