സീറ്റ് വിഭജനത്തില്‍ ജോസഫിനെയും ‘ഒതുക്കാന്‍’ കോണ്‍ഗ്രസ്സ് കരുനീക്കം

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പി.ജെ ജോസഫിനും തലവേദനയാകും. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ സ്ഥാനമോഹികള്‍ വര്‍ദ്ധിക്കുന്നതാണ് ജോസഫിനിപ്പോള്‍ തലവേദനയാകുന്നത്. നിലവില്‍ മൂന്ന് മണ്ഡലങ്ങളാണ് ജോസഫ് വിഭാഗത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. തൊടുപുഴ, ചങ്ങനാശ്ശേരി, കടുതുരുത്തി എന്നീ മണ്ഡലങ്ങളാണിത്. ഇതില്‍ ചങ്ങനാശ്ശേരി എം.എല്‍.എ സി.എഫ് തോമസ് മരണപെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പകരം ഇവിടെ പുതിയ ആളെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനായി ഇപ്പോഴേ നേതാക്കള്‍ക്കിടയില്‍ ചരടുവലികള്‍ ശക്തമാണ്.

തൊടുപുഴയില്‍ നിന്നും പി.ജെ. ജോസഫും, കടുതുരുത്തിയില്‍ നിന്നും മോന്‍സ് ജോസഫും വീണ്ടും മത്സരിക്കുമെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം ) 15 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ ജോസ് വിഭാഗം പോയെങ്കിലും 10 സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഇത്രയും സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കാന്‍, കോണ്‍ഗ്രസ്സ് എന്തായാലും തയ്യാറല്ല.പരമാവധി 7 സീറ്റ് വരെ പരിഗണിക്കാമെന്നതാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇക്കാര്യം ജോസഫിനോട് കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജോസ് കെ മാണി വിഭാഗം പോയതോടെ കേരള കോണ്‍ഗ്രസ്സില്‍ ജോസഫ് വിഭാഗത്തിന്റെ കരുത്ത് ചോര്‍ന്നതായാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി തന്നെയാണ് ജോസഫ് വിഭാഗത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ 10 സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ അത് ജോസഫ് ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴി ഒരുക്കുക. സ്ഥാനം മോഹിച്ച് മാത്രം നിരവധി പേരാണ് ജോസഫ് വിഭാഗത്തില്‍ ചേക്കേറിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിയാണ് പാര്‍ട്ടിയില്‍ എത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വന്ന ജോണി നെല്ലൂരിനും ഇനി സീറ്റ് നല്‍കേണ്ടി വരും.

ഇടതുപക്ഷത്ത് നിന്നും ജോസഫ് അടര്‍ത്തിയെടുത്ത മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് ആഗ്രഹിക്കുന്നതും വിജയ സാധ്യതയുള്ള സീറ്റാണ്. സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയിലേക്കാണ് അദ്ദേഹത്തിന്റെ നോട്ടം. തന്റെ പിന്‍ഗാമിയായി ജോസഫ് കാണുന്നതും ഫ്രാന്‍സിസ് ജോര്‍ജിനെയാണ്. കടുതുരുത്തി എം.എല്‍.എ മോന്‍സ് ജോസഫാണ് ജോസഫിന്റെ മറ്റൊരു വിശ്വസ്തന്‍. കോതമംഗലം സീറ്റ് ലക്ഷ്യമിട്ട് വിവാദ ധനകാര്യ സ്ഥാപന ഉടമയും ഇപ്പോള്‍ രംഗത്തുണ്ട്. കെ.എം മാണിയുടെ മരണത്തോടെയാണ് ഇയാള്‍ ജോസഫ് ഗ്രൂപ്പിലേക്ക് കളം മാറ്റി ചവിട്ടിയിരിക്കുന്നത്.

യു.ഡി.എഫ് മണ്ഡലമായിരുന്ന കോതമംഗലത്ത് അട്ടിമറി വിജയമാണ് കഴിഞ്ഞ തവണ ഇടതുപക്ഷം നേടിയിരുന്നത്. ഈ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കള്‍. ജോസഫ് വിഭാഗത്തില്‍ നിന്നും കോതമംഗലം സീറ്റ് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍ നാടനും ഈ സീറ്റിനായിപ്പോള്‍ ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സ് മത്സരിച്ച മണ്ഡലങ്ങള്‍ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തൊടുപുഴ, ഇടുക്കി, തിരുവല്ല, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂര്‍, പേരാമ്പ്ര, തളിപ്പറമ്പ് എന്നിവയാണ്.

ഇതില്‍ തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് എന്നീ നാല് എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കള്‍ മത്സരിച്ചിരുന്നത്. കോതമംഗലത്തും കുട്ടനാട്ടിലും ദയനീയ തോല്‍വിയാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ബാക്കിയുള്ള 11 സീറ്റുകളിലാണ് മാണി വിഭാഗം മത്സരിച്ചിരുന്നത്. ഇതില്‍ പാലാ, ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ നാലു സീറ്റുകളിലാണ് മാണി വിഭാഗത്തിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. പാലായാകട്ടെ, മാണിയുടെ മരണത്തോടെ കൈവിട്ട് പോകുകയും ചെയ്തു. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂര്‍ എന്നിവിടങ്ങളിലും കേരള കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചങ്ങനാശേരിയില്‍ ജയിച്ച മാണി വിഭാഗത്തിലെ സി.എഫ്. തോമസും, ഇരിങ്ങാലക്കുടയില്‍ മത്സരിച്ച തോമസ് ഉണ്ണിയാടനും, അപ്രതീക്ഷിതമായാണ് ജോസഫിനൊപ്പം പിന്നീട് ചേര്‍ന്നിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ നിന്നും ജയിച്ച റോഷി അഗസ്റ്റിന്‍ ഇപ്പോഴും ജോസിനൊപ്പമാണ്. ആ സീറ്റു കൂടി നിലവില്‍ ജോസഫ് ലക്ഷ്യമിടുന്നുണ്ട്. ഇടുക്കിക്ക് പുറമെ തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട് എന്നീ ഏഴു സീറ്റുകള്‍ ഉറപ്പിക്കുകയും കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും ആവശ്യപ്പെടാനുമാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. മാണി വിഭാഗത്തിലെ പലരെയും തിരിച്ചുകൊണ്ടുവരാന്‍ ജോസഫ് ശ്രമിക്കുന്നതും ഈ സീറ്റുകള്‍ കൂടി ലക്ഷ്യമിട്ടാണ്.

എന്നാല്‍ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂര്‍ എന്നിവയ്ക്കു പുറമെ കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും കൂടി പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് ഘടകങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് കെ.പി.സി.സിക്കു മേലുള്ളത്. കോണ്‍ഗ്രസ്സ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ജോസഫ് വിഭാഗമാണ് വലിയ പ്രതിസന്ധിയിലാകുക. ഇപ്പോള്‍ തന്നെ ‘രണ്ടാമനെ’ ചൊല്ലി ആ ഗ്രൂപ്പില്‍ ഭിന്നത അതിരൂക്ഷമാണ്. സീറ്റുകള്‍ കൂടി ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ പൊട്ടിത്തെറിയിലാണ് ഇതെല്ലാം ചെന്ന് കലാശിക്കുക.

 

മുന്‍പ് ‘മുല്ലപ്പെരിയാര്‍ ഡാമിനെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ജോസഫിന് ‘പാര്‍ട്ടിയിലെ പൊട്ടിത്തെറി മുന്നില്‍ കണ്ടാണിപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം ജോസ് വിഭാഗമാകട്ടെ നിലവില്‍ ഇടതുപക്ഷത്ത് ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ സീറ്റുകള്‍ വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പുതിയ സഖ്യം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Top