യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 387 സീറ്റില്‍ കെട്ടിവെച്ച കാശ് കിട്ടാതെ കോണ്‍ഗ്രസ്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 387 സീറ്റില്‍ കെട്ടിവെച്ച കാശ് കിട്ടാതെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് 399 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 33 സീറ്റില്‍ മാത്രം മത്സരിച്ച ആര്‍എല്‍ഡിക്ക് പോലും 2.9 ശതമാനം വോട്ട് കിട്ടിയെന്നിരിക്കെ കോണ്‍ഗ്രസിന്റെ ആകെ വോട്ട് വിഹിതം 2.4 ശതമാനമാണ്.

കനത്ത തിരിച്ചടിയില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് 14 ന് ഡല്‍ഹിയിലേക്ക് മാര്‍ച്ചിനൊരുങ്ങുകയാണ്. അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരുമായി കൂടികാഴ്ച്ചക്കും ശ്രമിക്കുന്നുണ്ട്.

മുഴുവന്‍ സീറ്റിലും മത്സരിച്ച മായാവതിയുടെ ബിഎസ്പിക്ക് 290 സീറ്റിലാണ് കെട്ടിവെച്ച പണം നഷ്ടപ്പെട്ടത്. ബിജെപിക്ക് മൂന്ന് സീറ്റിലും എസ്പിക്ക് ആറ് സീറ്റിലുമാണ് തുക നഷ്ടപ്പെട്ടത്. അതേസമയം ബിജെപി സഖ്യത്തില്‍ മത്സരിച്ച അപ്‌നാ ദളിനും നിഷാഗദ് പാര്‍ട്ടിക്കും ഒറ്റ സീറ്റില്‍ പോലും കെട്ടിവെച്ച പണം നഷ്ടപ്പെടില്ല.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഒരു മണ്ഡലത്തില്‍ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ ആറിലൊന്ന് എങ്കിലും നേടാന്‍ കഴിഞ്ഞാലാണ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച തുക ലഭിക്കുക. മൊത്തത്തില്‍, യുപിയിലെ 4,442 മത്സരാര്‍ത്ഥികളില്‍, 3,522 അല്ലെങ്കില്‍ ഏകദേശം 80% പേര്‍ക്ക് അവര്‍ കെട്ടിവെച്ച തുക തിരികെ ലഭിച്ചിട്ടില്ല.

Top