ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ബിജെപിയില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് ലഭിക്കുന്നതില്‍ ഈ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും താല്പര്യമില്ല. കോണ്‍ഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. മായാവതിക്കും, മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ടെന്നതാണ് മറ്റൊരു പ്രധാന കാരണം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനര്‍ജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളില്‍ ഇവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരമൊരു നയം സ്വീകരിക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കും.കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമായി ഇതിനെ കാണുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് സമവായത്തിന് മറ്റ് വഴികള്‍ കോണ്‍ഗ്രസ് തേടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കര്‍ണാടക മോഡലില്‍ സര്‍ക്കാരില്‍ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുക എന്നാണ് സൂചന.