Congress letter issue in Kerala

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് അയച്ച കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പരാതി.

ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലനാണ് ഇക്കാര്യത്തില്‍ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കമ്മീഷണര്‍ ബിഎസ് ബസ്സിക്ക് പരാതി നല്‍കിയിരിക്കുന്നത്.കത്തിനേക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ വന്ന വാര്‍ത്തയുടെ പകര്‍പ്പ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

Facebook

ആഭ്യന്തരമന്ത്രി തന്നെ താന്‍ ഇത്തരത്തിലൊരു കത്ത് അയച്ചിട്ടില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അത് അതീവ ഗൗരവമുള്ള കാര്യമാണെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ ഒപ്പാണ് വിവാദ കത്തിലുള്ളതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ പോലീസ് കത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണാവശ്യം.

ഇക്കണോമിക്‌സ് ടൈംസ് ആണ് ഇതുസംബന്ധമായ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. അവര്‍ ഇപ്പോഴും കത്ത് രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ചതാണെന്ന ഉറച്ച നിലപാടിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം ചെന്നിത്തലയ്ക്കും നിര്‍ണ്ണായകമാവും.

ഉന്നതതല അന്വേഷണം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന പോലീസ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഡല്‍ഹി പോലീസിന്റെ അന്വേഷണമായിരിക്കും വഴിത്തിരിവാകുക.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന കത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

നേതൃമാറ്റം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല തന്നെ അയച്ച കത്താണ് ഇതെന്നാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗം സംശയിക്കുന്നത്. എന്നാല്‍ കത്തിലെ ആശയത്തെ തള്ളിക്കളയാതിരുന്ന പ്രമുഖ ‘ഐ’ ഗ്രൂപ്പ് നേതാക്കള്‍ പക്ഷേ കത്ത് ചെന്നിത്തല അയച്ചതല്ലെന്നാണ് വാദിക്കുന്നത്.

ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലും കത്ത് താന്‍ അയച്ചതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കത്ത് ഒറിജിനല്‍ ആണെന്ന് വ്യക്തമായാല്‍ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി തന്നെ ഇരുളടയും.

Top