പി.പി മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സിറ്റിംഗ് എം.പി തന്നെയോ . . . ?

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നൊരു സിനിമയുണ്ട് മലയാളത്തില്‍. മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയാണത്. ഇതു പോലെ കേരളത്തിലെ രാഷ്ട്രീയ മേഖലയില്‍ ഒരു കാലത്ത് ഹിറ്റായ ഡയലോഗാണ് മുകുന്ദേട്ടാ യു.ഡി.എഫ് വിളിക്കുന്നു എന്നത്.

സകല രാഷ്ട്രിയ മര്യാദകളും ലംഘിച്ച് പിറവിയെടുത്ത കോ-ലീ-ബി സഖ്യത്തിനായി പിന്നില്‍ നിന്നും പ്രവര്‍ത്തിച്ചതിന് ചെറിയ പിള്ളേരടക്കം നമ്മുടെ മുകുന്ദേട്ടനെ കളിയാക്കുന്ന ഈ ഡയലോഗ് പിന്നീട് പല തിരഞ്ഞെടുപ്പ് വേദികളിലും മുഴങ്ങിയിരുന്നു.

കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും യോജിച്ച് സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ പ്രവര്‍ത്തിച്ച ചെറുതും വലുതുമായ എല്ലാ തിരഞ്ഞെടുപ്പുകളിലും ഓര്‍മ്മിക്കപ്പെടുന്ന പേരാണ് പി.പി.മുകുന്ദന്റേത്.

ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ഇത്രത്തോളം അപമാനം കേരളത്തില്‍ ഉണ്ടാക്കിയ മറ്റൊരാളില്ല. കാരണം വോട്ട് മറിക്കല്‍ എന്നതില്‍ നിന്നും വോട്ട് കച്ചവടം എന്ന നിലയിലേക്കും പാപ പണത്തിന്റെ കണക്കുകള്‍ പലപ്പോഴും ചര്‍ച്ചയായി. ബേപ്പൂര്‍ മോഡലില്‍ തുടങ്ങി തിരുവനന്തപുരം മണ്ഡലത്തില്‍ വരെ കോ-ലീ-ബി സഖ്യം പ്രകടമായ വോട്ട് കച്ചവടത്തിലേക്ക് മാറിയതിനെ തുടര്‍ന്ന് അന്വേഷണ കമ്മിഷനെ വയ്‌ക്കേണ്ട ഗതികേടും ബി.ജെ.പിക്കുണ്ടായി.

2019 ല്‍ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കേരളം പോകുമ്പോഴും പഴയ കോ-ലീ-ബി ചര്‍ച്ചക്ക് ഇപ്പോള്‍ തീ പിടിച്ചിരിക്കുകയാണ്.

സി.പി.എം ആണ് ലോകസഭ തിരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യ സാധ്യത ആദ്യം ആരോപിച്ചത്.ഇതിനെ പ്രതിരോധിക്കാന്‍ ആര്‍.എസ്.എസുമായി സി.പി.എമ്മിന് ധാരണയുണ്ടെന്ന ആരോപണം കോണ്‍ഗ്രസ്സും ഉയര്‍ത്തി. കോ-ലീ-ബി ചര്‍ച്ച ഇങ്ങനെ കൊടുമ്പിരി കൊണ്ടിരിക്കെയാണ് നമ്മുടെ മുകുന്ദേട്ടന്‍ വീണ്ടും രംഗ പ്രവേശം ചെയ്തിരിക്കുന്നത്. ഇത്തവണ പാലൂട്ടി വളര്‍ത്തിയ സംഘപരിവാറിനെ തിരിഞ്ഞു കൊത്തിയാണ് രംഗപ്രവേശം. ലോകസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയുമെന്ന് ബി.ജെ.പി സ്വപ്നം കാണുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെയാണ് പുതിയ ‘അവതാര’ പിറവി. ശിവസേനയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് പ്രഖ്യാപനം.

ബി.ജെ.പിയെ തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് വരുതിയില്‍ വരുത്താനാണോ അതോ മറ്റെന്തെങ്കിലും അജണ്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നിലുണ്ടോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പിക്കാവുന്നതാണ് ബി.ജെ.പി പ്രവേശനത്തിനുള്ള വാതില്‍ കൊട്ടിയടക്കപ്പെട്ടതോടെയാണ് ഈ രംഗപ്രവേശം. ശബരിമല വിഷയത്തില്‍ ബി.ജെ.പി അടിക്കടി നിലപാട് മാറ്റിയതാണ് മത്സരത്തിന് കാരണമെന്ന മുകുന്ദന്റെ വാദം എന്തായാലും പച്ചക്കള്ളമാണ്. കാവിയുടെ കടുത്ത ശത്രുക്കളായ കമ്യൂണിസ്റ്റുകള്‍ പോലും ഈ വാദം അംഗീകരിക്കില്ല. മുകുന്ദന്‍ ബിജെപിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതു വരെ വോട്ട് കച്ചവട ആക്ഷേപം അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു.

2005ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 36,690 വോട്ട് മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭന് കിട്ടിയിരുന്നത്. 2004ല്‍ 2, 28, 052 വോട്ട് നേടിയ സ്ഥാനത്താണ് ഈ മറിമായം. ഇതിനെതിരെ കാവി പടയില്‍ ഉണ്ടായ കലാപമാണ് അന്വേഷണത്തില്‍ കലാശിച്ചിരുന്നത്. പി.പി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വോട്ട് കച്ചവടത്തിലുള്ള പങ്ക് അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ തന്നെ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. മുകുന്ദന്റെ ഒത്താശയോടെയാണ് വോട്ട് കച്ചവടം നടന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണിയും സംസ്ഥാന സെക്രട്ടറി ഉമാകാന്തനും മൊഴി നല്‍കിയിരുന്നു. കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ് ശിവകുമാറിന് പി.പി മുകുന്ദന്‍ അടക്കമുള്ളവരുമായുള്ള ബന്ധവും വെളിവാക്കപ്പെട്ടു. ഇതോടെയാണ് മുകുന്ദനെ സംഘപരിവാര്‍ നേതൃത്വം പൂര്‍ണ്ണമായും കയ്യൊഴിഞ്ഞത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തയിടെ തിരിച്ചു പാര്‍ട്ടി അംഗത്വത്തില്‍ വന്നെങ്കിലും നേതൃസ്ഥാനത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഇതിലുള്ള കടുത്ത അതൃപ്തി മുകുന്ദന് ഉണ്ടായിരുന്നു. മുരളീധര വിഭാഗമാണ് അടുപ്പിക്കാത്തതെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി മുകുന്ദന്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

അതും ഏറെ പഴി കേട്ട തിരുവനന്തപുരത്തിന്റെ മണ്ണില്‍ തന്നെ റിബലായി ബി.ജെ.പിക്ക് ഒരു ചലഞ്ച്. മുകുന്ദേട്ടാ അമിത് ഷാ വിളിക്കുന്നു എന്ന വിളി കേള്‍ക്കാനാണോ അതോ ഡല്‍ഹി നായരുടെ വിളി കേള്‍ക്കാനാണോ ആഗമനം എന്നതാണ് ഇനി അറിയേണ്ടത്.

Top