ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വന്‍ വിജയം ; ബിജെപി രണ്ടാമത്

congress

പഞ്ചാബ്: ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വന്‍ വിജയം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഞ്ചാബ് ഘടകം അധ്യക്ഷന്‍ സുനില്‍ ജാഖര്‍ 1,93,219 വോട്ടിന്റെ ലീഡാണ് നേടിയത്.

ബിജെപി സ്ഥാനാര്‍ഥി സ്വരണ്‍ സലേറിയയാണ് രണ്ടാം സ്ഥാനത്ത്. എഎപിയുടെ സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ (റിട്ട) സുരേഷ് ഖജുറിയയാണ് മൂന്നാമത്.

ആദ്യ റൗണ്ടില്‍ത്തന്നെ 14,316 വോട്ടുകള്‍ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖര്‍ കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു.

ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍ ജാഖര്‍.

ഈ മാസം 11നു നടന്ന വോട്ടെടുപ്പില്‍ 56% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ 70.03% രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ ദേരാ ബാബ നാനാക് വിധാന്‍ സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് – 65%. ഏറ്റവും കുറവ് ബട്ടാല വിധാന്‍ സഭാ മണ്ഡലത്തിലും – 50%.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാളും കുറവായിരുന്നു ഇത്തവണ രേഖപ്പെടുത്തിയതും.

Top