പാർട്ടിയുടെ തോൽവിയല്ല, പദവിയാണ് കോൺഗ്രസ്സ് നേതൃത്വത്തിന് പ്രധാനം !

ത്ര തിരിച്ചടി കിട്ടിയാലും പാഠം പഠിക്കാത്ത ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ്. എന്തു കൊണ്ടു തോറ്റു എന്നതിന് ഇപ്പോഴും ലളിതമായ ഒരു ഉത്തരം നല്‍കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന നേതൃമാറ്റ മുറവിളിയും മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇപ്പോള്‍ അടിച്ചമര്‍ത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണിയാണ് വേണ്ടെതെന്ന വാദം ഉയര്‍ത്തിയവര്‍ മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും തുടരാനുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇരുവരുടെയും രാജിക്കാര്യം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയാകുന്നത് തടഞ്ഞത് തന്നെ തന്ത്രപരമാണ്. ഇതോടെ മുല്ലപ്പള്ളിയും രമേശും നേതൃത്വത്തില്‍ തുടരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

‘തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി നേതൃത്വം ഒഴിയുന്നത് കോണ്‍ഗ്രസ്സില്‍ പതിവാണ്. കോണ്‍ഗ്രസ്സ് പരാജയപ്പെട്ട പല സംസ്ഥാനങ്ങളിലും ഈ മാതൃകയാണ് നേതാക്കള്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഈ മാതൃക പിന്തുടരാന്‍ തന്നെ കിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളിയുള്ളത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടും മുല്ലപ്പള്ളി തള്ളിക്കളഞ്ഞിട്ടുണ്ട്. രാജി ആവശ്യം തനിക്കെതിരായ ഗ്രൂപ്പ് നീക്കങ്ങളാണെന്നതാണ് മുല്ലപ്പള്ളിയുടെ വാദം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ കൂട്ടാക്കാഞ്ഞതോടെ മുല്ലപ്പള്ളിക്കും പിടിച്ചു നില്‍ക്കാന്‍ ധൈര്യമായിട്ടുണ്ട്. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം ഉയരുമ്പോഴെങ്കിലും ഇരുവരും രാജിയ്ക്ക് സന്നദ്ധരാകുമെന്നായിരുന്നു സാധാരണ പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ആ പ്രതീക്ഷയെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം തുടക്കത്തിലേ ഏറ്റുപറഞ്ഞ മുല്ലപ്പള്ളിയും രമേശും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച ആ വഴിക്ക് പോകുന്നതാണ് തടഞ്ഞത്. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണിയെന്ന നിര്‍ദേശം ഉയര്‍ത്തിയതോടെ കെ. സുധാകരനും കെ മുരളീധരനും ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം ഈ നിര്‍ദ്ദേശത്തെയും പിന്തുണച്ചു. മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ മാത്രമാണ് ഇരുവരും മാറണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാകട്ടെ വേണ്ടത്ര പിന്തുണ കിട്ടിയിട്ടുമില്ല. ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രം പോരെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരും സ്വയം തീരുമാനം എടുക്കുകയാണ് വേണ്ടതെന്നുമാണ് വി.ഡി.സതീശന്‍ തുറന്നടിച്ചിരുന്നത്.

സ്വന്തം നിലയ്ക്ക് തന്നെ നേതൃത്വം മാറണമെന്ന ആവശ്യമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ഈ ആവശ്യവും അവഗണിക്കപ്പെട്ടു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരണമെന്നാണ് കോണ്‍ഗ്രസ്സ് അണികളില്‍ ഭൂരിപക്ഷ സത്യം ആഗ്രഹിക്കുന്നത്. ഹൈക്കമാന്റിനും ഈ താല്‍പ്പര്യമാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഈ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറിയാല്‍ കളത്തില്‍ നിന്നും ഔട്ടായി പോകുമെന്നതിനാല്‍ എന്ത് വില കൊടുത്തും പിടിച്ചു നില്‍ക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടി 2016ല്‍ മാറി നിന്ന സാഹസമൊന്നും ചെന്നിത്തല കാട്ടുകയില്ല. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടും അതു തന്നെയാണ് വ്യക്തമാക്കുന്നത്.

ഇനി ലോക്ഡൗണിനു ശേഷം രാഷ്ട്രീയകാര്യസമിതി വീണ്ടും ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി താഴെത്തട്ട് മുതല്‍ പുനഃസംഘടിപ്പിക്കുമ്പോഴേക്കും ഏറെ സമയമെടുക്കും. അതുവരെ മുല്ലപ്പള്ളിയും തുടരും. 20ന് മന്ത്രിസഭ രൂപീകരിച്ചാല്‍ പ്രതിപക്ഷ നേതാവിനെ ഉടനെ തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇത് ചെന്നിത്തലയ്ക്കും തുടരാന്‍ വഴി ഒരുക്കും. അതായത് കോണ്‍ഗ്രസ്സില്‍ പഴയ രീതി വീണ്ടും തുടരുമെന്ന് വ്യക്തം. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ മാറ്റം വരുത്താതെ പഴയ രൂപത്തില്‍ തന്നെ മുന്നോട്ട് പോകാനുള്ള നീക്കം കോണ്‍ഗ്രസ്സിനെ വലിയ പൊട്ടിത്തെറിയിലേക്കാണ് നയിക്കാന്‍ പോകുന്നത്.

വീണ്ടും ഒരിക്കല്‍ കൂടി പിളര്‍പ്പിനെ നേരിടേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല. അണികളിലെ അസംതൃപ്തി അത്രയ്ക്കും ശക്തമാണ്. പുതു തലമുറ നേതൃസ്ഥാനത്ത് വരണമെന്ന വികാരമാണ് കോണ്‍ഗ്രസ്സ് അണികള്‍ക്കുള്ളത്. ലീഗിലും സ്ഥിതി വ്യത്യസ്തമല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിലും പ്രതിഷേധം ശക്തമാണ്. തലമുറമാറ്റം തന്നെയാണ് ലീഗ് അണികളും ആഗ്രഹിക്കുന്നത്. അതേസമയം ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതിപക്ഷത്തെ ഈ തര്‍ക്കങ്ങള്‍ വീണ്ടും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇടതുപക്ഷ സര്‍ക്കാറിന്റെ മൂന്നാം ഊഴത്തിന് മുല്ലപ്പള്ളിയും ചെന്നിത്തലയും തുടരുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

 

Top