ലീഗ് റാലിയിലെ തരൂർ പരിഗണനയിൽ ഞെട്ടി കോൺഗ്രസ്സ് നേതൃത്വം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ഇനി തരൂർ ?

ടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്ന കാര്യത്തിലും ഇപ്പോൾ ഏകദേശം തീരുമാനമായിരിക്കുകയാണ്. ശശി തരൂരിന് അനുകൂലമായ കാറ്റാണ് ഈ പ്രതിപക്ഷ മുന്നണിയിൽ ഇപ്പോൾ വീശിയടിക്കുന്നത്. മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥി ആക്കിയിരിക്കുന്നത് പ്രതിപക്ഷ നേതാവിനേയോ കോൺഗ്രസ്സിന്റെ മറ്റു നേതാക്കളേയോ അല്ല, സാക്ഷാൽ തരൂരിനെയാണ് ആ ചുമതലയിൽ ലീഗ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ്സ് നേതൃത്വത്തെ ഒന്നടങ്കം അമ്പരപ്പിച്ച നീക്കമാണിത്.

സംസ്ഥാനത്തെ മുഴുവൻ പ്രവർത്തകരെയും പരമാവധി അണികളെയും അണിനിരത്തി സംഘടിപ്പിക്കുന്ന ഈ റാലി ലീഗ് സംസ്ഥാന അദ്ധ്യഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത – ലീഗ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ശക്തിപ്രകടനമാക്കി മാറ്റാനാണ് ഈ അവസരം ലീഗ് നേതൃത്വം ഉപയോഗപ്പെടുത്തുന്നത്. അതായത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമാണിത്. പലസ്തീൻ വിഷയത്തിൽ സി.പി.എം. രാഷ്ട്രീയ നേട്ടം കൊയ്യുന്നത് തടയുകയാണ് ലീഗിന്റെ പരമ പ്രധാനമായ ലക്ഷ്യം.

പലസ്തീനികൾക്ക് അനുകൂലമായി രാജ്യത്തു തന്നെ ഏറ്റവും ശക്തമായ പ്രതിഷേധമുയർത്തിയത് കമ്യൂണിസ്റ്റു പാർട്ടികളാണ്. പ്രത്യേകിച്ച് സി.പി.എമ്മും അവരുടെ വർഗ്ഗ ബഹുജന സംഘടനകളും ഇക്കാര്യത്തിൽ ശക്തമായ പോർമുഖമാണ് തുറന്നിരിക്കുന്നത്. സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലീഗ് കേന്ദ്രങ്ങളിൽ പോലും ലഭിച്ചു വരുന്നത്. ഈ പശ്ചാത്തലത്തിൽ സ്വന്തം തട്ടകമായ പൊന്നാനി പോലും കൈവിടുമോ എന്ന ഭയം ലീഗ് നേതൃത്വത്തിനുണ്ട്. നിലവിൽ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കു വച്ചു പരിശോധിച്ചാൽ കേവലം 10,000-ൽ താഴെ മാത്രമാണ് ഈ മണ്ഡലത്തിൽ യു.ഡി.എഫിനു ലീഡുള്ളത്.

സമസ്തയുമായുള്ള ഭിന്നതയും സി.പി.എമ്മിന്റെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം കൂടി ആകുമ്പോൾ പൊന്നാനി കൈവിട്ടു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ ഇടത്തോട്ട് കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടാൽ മലബാറിൽ രണ്ടു സീറ്റിൽ യു.ഡി.എഫ് ഒതുക്കപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ യാഥാർത്ഥ്യം കോഴിക്കോട് എം.പിയായ എം.കെ രാഘവനെയും ഏറെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തഴഞ്ഞ് ശശി തരൂരിനെ മുഖ്യാതിഥിയാക്കുന്നതിൽ എം.കെ രാഘവനും ചില ചരടുവലി നടത്തിയതായാണ് പുറത്തു വരുന്ന വിവരം. മുൻപ് പാണക്കാട്ട് നേരിട്ട് എത്തി ലീഗ് നേതാക്കളുമായി തരൂർ നടത്തിയ കൂടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നതും എം.കെ രാഘവൻ തന്നെയാണ്. അറിയപ്പെടുന്ന ‘എ’ ഗ്രൂപ്പ് നേതാവായ രാഘവൻ ഉമ്മൻചാണ്ടിയുടെ മരണശേഷം ‘എ’ ഗ്രൂപ്പിലെ പ്രബല വിഭാഗത്തെ തരൂരിന് പിന്നിൽ അണിനിരത്താനാണ് നിലവിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പരിധിവരെ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

കോഴിക്കോട്ടെ റാലിയോടെ ലീഗ് – തരൂർ ബന്ധം കൂടുതൽ ശക്തമാകാനാണ് സാധ്യത. ഇതോടെ മുഖ്യമന്ത്രി പദ മോഹികളായ സകല കോൺഗ്രസ്സ് നേതാക്കളുടെയും ഉറക്കമാണ് നഷ്ടമാകാൻ പോകുന്നത്. തരൂരിനു പുറമെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണു ഗോപാൽ എന്നിവർ മുഖ്യമന്ത്രി പദ മോഹവുമായാണ് മുന്നോട്ടു പോകുന്നത്. ഇവർക്കെല്ലാം വേണ്ടി സ്വന്തം ഗ്രൂപ്പുകളും രംഗത്തുണ്ട്. ഈ തർക്കം മൂർച്ചിക്കുമ്പോൾ ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി തരൂരിന്റെ പേര് ലീഗ് മുന്നോട്ടുവച്ചാൽ അത് തള്ളിക്കളയാൻ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും കഴിയുകയില്ല.

ശക്തമായ ജനകീയ അടിത്തറയുള്ള ഇടതുപക്ഷത്തിനെതിരെ ജനകീയനായ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടണമെന്നതാണ് ലീഗ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചാൽ അടുത്ത തവണയും ‘പണി പാളുമെന്നതാണ്’ മുന്നറിയിപ്പ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലീഗിന്റെ അഭിപ്രായത്തെ തള്ളി ഒരടി മുന്നോട്ടു പോകാൻ കോൺഗ്രസ്സിനു കഴിയുകയില്ല. ഇവിടെയാണ് തരൂർ അനുകൂലികളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷ വർദ്ധിക്കുന്നത്.

ലീഗിനെ കൂടി പങ്കാളിയാക്കിയുള്ള മധ്യസ്ഥ ചർച്ചയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിലപാട് മാറ്റാൻ രാഹുൽ ഗാന്ധിക്കു പോലും കഴിയണമെന്നില്ല. ഇത്തരമൊരു സാഹചര്യം തന്നെയാണ് തരൂർ ക്യാമ്പും ആഗ്രഹിക്കുന്നത്. മൂന്നാംതവണയും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ പിന്നെ ഒരിക്കലും കേരളത്തിൽ തിരിച്ചു വരാൻ കഴിയില്ലന്നു ഉറപ്പുള്ള രാഹുൽ ഗാന്ധി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ അനുമതി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

എന്നാൽ, ഇടതുപക്ഷം ഈ നീക്കങ്ങളെയും വലിയ പോസ്റ്റീവ് ആയിട്ടാണ് കാണുന്നത്. തരൂരും ചെന്നിത്തലയും വി.ഡി സതീശനും എല്ലാം മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാണെന്നതാണ് സി.പി.എം വിലയിരുത്തൽ. ഗ്രൂപ്പു നോക്കിയും പരസ്പരം കാലുവാരിയും സ്വന്തം സ്ഥാനാർത്ഥികളുടെ പരാജയം കോൺഗ്രസ്സുകാർ തന്നെ ഉറപ്പു വരുത്തി കൊല്ലുമെന്നതാണ് സി.പി.എം നിഗമനം. കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരും നേതാക്കളുടെ തമ്മിലടിയും നിരന്തരം വീക്ഷിക്കുന്ന ഏതൊരാൾക്കും സി.പി.എമ്മിന്റെ ഈ നിഗമനങ്ങളെ എന്തായാലും തള്ളിക്കളയാനും കഴിയുകയില്ല.

ഇടതുപക്ഷ സർക്കാറിനെതിരെ വിവാദ വിഷയങ്ങളിൽ പോലും ശക്തമായ ഒരു പ്രതിഷേധ സമരം സംഘടിപ്പിക്കാൻ പോലും ഇതുവരെ കോൺഗ്രസ്സിനോ യു.ഡി.എഫ് ഘടക കക്ഷികൾക്കോ കഴിഞ്ഞിട്ടില്ല. അടുത്തയിടെ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയൽ സമരം പോലും നനഞ്ഞ പടക്കമായാണ് മാറിയിരുന്നത്. ഒരു സർക്കാറിനെതിരെ ജനവികാരം ഉയർത്തുന്നതിൽ സമരങ്ങൾക്ക് നിർണ്ണായക പങ്കാണ് ഉള്ളത്. ഇക്കാര്യത്തിൽ സി.പി.എമ്മിനെയും അവരുടെ വർഗ്ഗ ബഹുജന സംഘടനകളെയുമാണ് പ്രതിപക്ഷ പാർട്ടികൾ കണ്ടു പഠിക്കേണ്ടത്. യു.ഡി.എഫ് കേരളം ഭരിച്ച എല്ലാ ഘട്ടത്തിലും ചുവപ്പിന്റെ പ്രക്ഷോഭചൂടേറ്റ് സർക്കാറുകൾക്ക് പൊള്ളിയിട്ടുണ്ട്.

ഇത്തരം പ്രക്ഷോഭങ്ങളുടെ ഉൽപ്പന്നങ്ങളാണ് പിന്നീട് അധികാരത്തിൽ വന്നിരുന്ന ഇടതുപക്ഷ സർക്കാറുകൾ എന്നതും നാം ഓർക്കണം. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ മാത്രമല്ല അധികാരത്തിൽ ഉള്ളപ്പോഴും ഇടതുപക്ഷ സംഘടനകൾ സജീവമാണ്. അവരുടെ ഓരോ ഘടകങ്ങളും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. പ്രാദേശിക വിഷയം മുതൽ അന്തർദേശീയ വിഷയങ്ങളിൽ വരെ ഇടപെടുന്ന പതിവ് ഇപ്പോഴും ഇടതുപക്ഷ സംഘടനകൾ തുടരുകയാണ്. ഏറ്റവും ഒടുവിൽ പലസ്തീൻ വിഷയത്തിൽ ലോകശ്രദ്ധ ആകർഷിച്ച ഒരു പ്രതിഷേധമാണ് എസ്.എഫ്.ഐ ഇപ്പോൾ നടത്തിയിരിക്കുന്നത്.

ഡൽഹിയിലെ ഇസ്രയേൽ എംബസിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചും സംഘർഷവും എല്ലാം അന്തർ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സി.പി.എമ്മിനു സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ പോലും എസ്.എഫ്.ഐ വിജയിക്കുന്നതും ഇത്തരം പ്രക്ഷോഭങ്ങൾ അവർ സംഘടിപ്പിക്കുന്നതു കൊണ്ടു കൂടിയാണ്. ഈ തിരിച്ചറിവ് ,യു.ഡി.എഫ് സംഘടനകൾക്കും ഉണ്ടാവുന്നത് നല്ലതാണ്. മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ മാധ്യമങ്ങളിൽ തന്നെ അത് അവസാനിക്കുമെന്നത് രാഹുൽ ഗാന്ധി മാത്രമല്ല കേരളത്തിലെ കോൺഗ്രസ്സുകാരും ഓർത്തു കൊള്ളണം.

രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സ് പ്രതിഷേധ സമരങ്ങളോട് മുഖം തിരിച്ചിരിക്കുന്നതാണ് യാഥാർത്ഥത്തിൽ നരേന്ദ്ര മോദി സർക്കാറിന് വളമായിരിക്കുന്നത്. ചെറിയ പാർട്ടികളാണെങ്കിലും ബി.ജെ.പി സർക്കാറിനെ വെള്ളം കുടിപ്പിക്കുന്ന പ്രതിഷേധങ്ങൾ ഇടതുപക്ഷ പാർട്ടികളും അവരുടെ വർഗ്ഗ ബഹുജന സംഘടനകളും ഇതിനകം തന്നെ രാജ്യത്ത് നടത്തിയിട്ടുണ്ട്. കോൺഗ്രസ്സിനുപോലും നിഷേധിക്കാൻ പറ്റാത്ത യാഥാർത്ഥ്യമാണത്. ശക്തമായ ഒരുപ്രതിപക്ഷത്തിനു മാത്രമേ കേരളത്തിൽ ആയാലും കേന്ദ്രത്തിൽ ആയാലും അധികാരത്തിൽ എത്താൻ സാധിക്കുകയൊള്ളൂ. അതല്ലങ്കിൽ വീണ്ടും ചരിത്രം ആവർത്തിക്കപ്പെടുക തന്നെ ചെയ്യും.

EXPRESS KERALA VIEW

Top