സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിച്ചാൽ മതിയെന്ന് കോൺ​ഗ്രസ് നേതൃത്വം

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ മത്സരിക്കേണ്ടെന്ന് കോൺ​ഗ്രസ് ഹൈക്കമാന്റ്. കോലാർ മണ്ഡലം സുരക്ഷിതമല്ലെന്ന നി​ഗമനത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. മെെസൂരുവിലെ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. 2018ൽ സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ വരുണയിൽ നിന്നാണ് ജനവിധി തേടിയത്.

കോലാറിൽ സിദ്ധരാമയ്യക്ക് വിജയം ഉറപ്പില്ലെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള രൺദീപ് സിങ് സുർജെവാലെ ഇക്കാര്യം നിർദ്ദേശിച്ചത്. സിദ്ധരാമയ്യയോട് കോലാറിൽ മത്സരിക്കേണ്ടെന്നും പരാജയ സാധ്യതയുണ്ടെന്നും സർവ്വേയിലും വ്യക്തമാക്കിയിരുന്നു. പരിചയ സമ്പന്നനായ നേതാവ് കോലാറിൽ മത്സരിച്ച് പരാജയപ്പെടുമോ എന്നതാണ് കോൺ​ഗ്രസിന്റെ ഭയം. കോലാർ, ബദാമി, വരുണ, ചാമരാജ്പേട്ട് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി നേതാക്കൾ സിദ്ധരാമയ്യയെ കണ്ട് മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന് ശേഷം മാത്രമായിരിക്കും സിദ്ധരാമയ്യ വരുണ സീറ്റിൽ നിന്ന് മത്സരിക്കുകയുള്ളൂ എന്നാണ് വിവരം.

Top