കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്; രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തില്‍

ഡൽഹി: കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാർട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാർലമെൻറ് സമ്മേളനത്തിലെ വിഷയങ്ങൾ എന്നിവ ചർച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം.

അതേസമയം സ്വകാര്യ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയി. ഇന്ന് ഡൽഹിയിൽ ചേരുന്ന പാർട്ടിയുടെ നിർണായക യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുൽ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ജൂലായ് 18ന് പാർലമെന്റ് വർഷകാല സമ്മേളനവും രാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദർശനം. രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാർട്ടി പുറത്തുവിട്ടിട്ടില്ല. രാഹുലിന്റെ തുടർച്ചയായ വിദേശ സന്ദർശനങ്ങളെ ബിജെപി നിരന്തരം വിമർശിച്ചിരുന്നു.

Top