വിശ്വാസം …അതില്ല കോൺഗ്രസ്സിൽ, ബംഗാളിലെ കൂറുമാറ്റത്തിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്സ് നേതൃത്വം

കോണ്‍ഗ്രസ്സിനെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് ഒടുവില്‍ പശ്ചിമ ബംഗാളും ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പിമാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസ്സും ആകും. ബംഗാള്‍ നിയമസഭയിലെ ഏക കോണ്‍ഗ്രസ് അംഗമായ ബായ്‌രന്‍ ബിശ്വാസിന്റെ കൂറുമാറ്റം സൂചിപ്പിക്കുന്നതും അതു തന്നെയാണ്. പശ്ചിമ മേദിനിപുര്‍ ജില്ലയില്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി നയിക്കുന്ന ജനസമ്പര്‍ക്കയാത്രയ്ക്കിടെയാണ് കോണ്‍ഗ്രസ്സ് എം.എല്‍.എ മറുകണ്ടം ചാടിയിരിക്കുന്നത്. തികച്ചും അപ്രതീക്ഷിതമായ കൂറുമാറ്റമാണിത്.

മുര്‍ഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷ ആധിപത്യമുള്ള സാഗര്‍ദിഘി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യാണ് ബിശ്വാസ്… ഈ വര്‍ഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചിരുന്നത്. പൊതു ശാതുവിനെ നേരിടാന്‍ ഇടതുപക്ഷം നല്‍കിയ വോട്ടുകൂടിയാണ് ഇതോടെ പാഴാക്കപ്പെട്ടിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടാരാജ് ഭരണത്തിനെതിരെ കോണ്‍ഗ്രസ്സിനെയും ഒപ്പം കൂട്ടിയാണ് നിലവില്‍ ഇടതുപക്ഷം മുന്നോട്ടു പോകുന്നത്. അടുത്ത കാലത്ത് ഭരണപക്ഷത്തെ ഞെട്ടിച്ച് നിരവധി വിജയങ്ങള്‍ നേടാനും ഈ സഖ്യത്തിനു കഴിഞ്ഞിരുന്നു. അതില്‍ പ്രധാനമായിരുന്നു തൃണമൂല്‍ ശക്തി കേന്ദ്രമായ സാഗര്‍ദിഗി നിയമസഭാ സീറ്റിലെ അട്ടിമറി വിജയം.

ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച ബയ്റോണ്‍ ബിശ്വാസ് 22976 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ ദേബാശിഷ് ബാനര്‍ജിയെ തറപറ്റിച്ചിരുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുകൂടിയാണ് ദേബാശിഷ് ബാനര്‍ജി എന്നതും നാം അറിയണം… 2011 മുതല്‍ തൃണമൂലിന്റെ കൈവശമായിരുന്ന സീറ്റാണ് ഇടതു പിന്തുണയോടെ കോണ്‍ഗ്രസ്സ് പിടിച്ചെടുത്തിരുന്നത്. ഈ മണ്ഡലത്തില്‍ 2021ല്‍ നടന്ന പെതുതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുബ്രത സാഹ അരലക്ഷത്തിലേറെ വോട്ടിന് ജയിച്ചത് ഓര്‍ക്കുമ്പോഴാണ് അട്ടിമറി വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. സുബ്രത സാഹ മരിച്ചതിനെത്തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നത്.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് ആകട്ടെ വന്‍തോതില്‍ വോട്ടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ആകെ പോള്‍ ചെയ്തതിന്റെ 47.35 ശതമാനം വോട്ടും ഇടതു പിന്തുണയില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് നേടിയത്. തൃണമൂലിന് 34.94 ശതമാനവും ബിജെപിക്ക് 13.94 ശതമാനം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 63 ശതമാനവും മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാരാണ്. 2011ല്‍ സംസ്ഥാനത്ത് തൃണമൂല്‍ അധികാരത്തില്‍ വന്നശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും തൃണമൂല്‍ മാത്രം ജയിച്ച ചരിത്രമുള്ള മണ്ണിലാണ് അവര്‍ക്ക് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു തുടങ്ങിയിരിക്കുന്നു എന്ന സൂചന കൂടി നല്‍കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

അതു തന്നെയാണ് തൃണമൂലിന്റെയും ഉറക്കം കെടുത്തുന്നത്. ഈ പോക്കു പോയാല്‍ അധികം താമസിയാതെ തന്നെ ബംഗാള്‍ കൈവിട്ടു പോകുമെന്ന ഭയത്താല്‍ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് അവരിപ്പോര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിജയിച്ച കോണ്‍ഗ്രസ്സുകാരനായ എം.എല്‍.എയെ തന്നെ അടര്‍ത്തി മാറ്റിയിരിക്കുന്നുത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിട്ടു ഒരു കാര്യവും ഇല്ലന്ന പൊതു ബോധമാണ് ഇതോടെ ഇപ്പോള്‍ ബംഗാളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ അണികളും ആകെ നിരാശയിലാണ്. ഇതാണ് അവസ്ഥയെങ്കില്‍ തൃണമൂലിനും ബി.ജെ.പിക്കും എതിരെ ഒറ്റയ്ക്കു പൊരുതാം എന്ന നിലപാടിലാണ് സി.പി.എം. പ്രവര്‍ത്തകരുമുള്ളത്. ‘ബംഗാളില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്നും ‘ കോണ്‍ഗ്രസ്സ് ഒപ്പമില്ലങ്കിലും മമതയെ വീഴ്ത്താന്‍ കഴിയുമെന്നുമാണ് സി.പി.എം കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.

ഉപതിരഞ്ഞെടുപ്പു നടന്നു മൂന്നുമാസം തികയുംമുമ്പെ തന്നെ ഇത്തരമൊരു കാലുമാറ്റം ഇടതുപക്ഷത്തെ സംബന്ധിച്ചും തികച്ചും അപ്രതീക്ഷിതമാണ്. 1977 മുതല്‍ 2006 വരെ നടന്ന ഏഴു തെരഞ്ഞെടുപ്പിലും സിപിഎമ്മും അവരുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയുമാണ് പശ്ചിമ ബംഗാളില്‍ വിജയിച്ചിരുന്നത്. എല്ലാ ഘട്ടത്തിലും സിപി.എമ്മിന് ഒറ്റയ്ക്ക് വന്‍ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും മറ്റു ഇടതുപാര്‍ടികളെയും ഉള്‍പ്പെടുത്തിയാണ് അവര്‍ ഗവണ്‍മെന്റ് രൂപീകരിച്ചിരുന്നത്. കോണ്‍ഗ്രസ്സ് വിട്ട മമത ബാനര്‍ജി 1998 -ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നത്. സിപിഎമ്മിനെ നേരിടാന്‍ അവര്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗവും ഉപയോഗിച്ചു. തുടര്‍ച്ചയായ ചുവപ്പ്ഭരണത്തില്‍ മനംമടുത്തവര്‍ ഒരു മാറ്റം വരട്ടെ എന്നു ആഗ്രഹിക്കുകയും അതിന് ‘നന്ദിഗ്രാം വെടിവയ്പ്പ് ‘ കൂടി കാരണമാവുകയും ചെയ്തതോടെ 2011 -ല്‍ ബംഗാളിലെ ചുവപ്പ് ഭരണത്തിനാണ് തിരശ്ശീല വീണിരുന്നത്.

അതിനുശേഷം അക്രമ തേര്‍വാഴ്ചയാണ് മമത നടപ്പാക്കിയതെന്നതും രാജ്യം കണ്ട കാഴ്ചയാണ്. തിരിച്ചു വരാന്‍ പലവട്ടം സി.പി.എം. ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ പോയതിനു പ്രധാന കാരണം ബംഗാളിലെ നിര്‍ണ്ണായക വോട്ടുബാങ്കായ മുസ്ലീം സമൂഹം മമതയെ പിന്തുണച്ചതാണ്. പിന്നീട് തീവ്ര ഹിന്ദുത്വവാദമുയര്‍ത്തി ബി.ജെ.പിയും ബംഗാളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം കൊയ്യാന്‍ ബി.ജെ.പിക്കു കഴിഞ്ഞെങ്കിലും ബി.ജെ.പിയിലേക്ക് പോയ സ്വന്തം നേതാക്കളെ തിരികെ എത്തിച്ച് വീണ്ടും… മമത ശക്തി പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ബി.ജെ.പിയുടെ ബംഗാളിലെ സ്വാധീനം കൂടിയാണ് നഷ്ടമായിരിക്കുന്നത്.

ഈ അവസരം ഉപയോഗിച്ച് ബി.ജെ.പിക്കും തൃണമൂലിനും എതിരെ ബദല്‍ ശക്തിയാകാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്സിനെയും ഒപ്പം കൂട്ടിയിരുന്ന്. ഈ സഖ്യം വിജയത്തിലേക്ക് കൃതിക്കുന്നു എന്നതിന്റെ സൂചനയായാണ് സാഗര്‍ദിഘിയിലെ വിജയത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഒറ്റയടിക്ക് എം.എല്‍.എയെ തന്നെ മറുകണ്ടം ചാടിച്ചതിലൂടെ ഈ സഖ്യത്തെയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനെ ഇനിയും കൂട്ടുപിടിച്ചാല്‍ ഇടതുപക്ഷത്തിന്റെ ഉള്ള വോട്ടുകള്‍ പോലും നഷ്ടമാകുമെന്ന അവസ്ഥയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളിലുള്ളത്. അതെന്തായാലും പറയാതെ വയ്യ.

Top