കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷന്‍ ഇന്ന് മലപ്പുറത്ത് നടക്കും; പരിപാടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരായ വിലക്കും ജില്ലാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും നിലനില്‍ക്കെ മലപ്പുറത്ത് ഇന്ന് കോണ്‍ഗ്രസ് നേതൃതല കണ്‍വെന്‍ഷന്‍ നടക്കും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം, പിന്നീട് നടന്ന രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍, ഒടുവില്‍ കെപിസിസി വിലക്ക് കാറ്റില്‍ പറത്തി നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി, ജില്ലാ കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ എന്നിവ പരസ്യമായ ഘട്ടത്തിലാണ് നേതാക്കള്‍ മലപ്പുറത്ത് എത്തുന്നത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും. ആര്യാടന്‍ ഷൗക്കത്ത് വിലക്കുള്ളതിനാല്‍ പരിപാടിക്കെത്തില്ല. കണ്‍വെന്‍ഷനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ നടക്കു എന്നാണ് ഡിസിസിയുടെ വാദം. എന്നാല്‍ തര്‍ക്ക വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യമായി രൂക്ഷ വിമര്‍ശനം നടത്തും എന്നാണ് വിവരം.

എ പി അനില്‍കുമാര്‍ എംഎല്‍എയും, ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ഒരു ഭാഗത്ത് നിന്നും, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും, റിയാസ് മുക്കോളിയും മറുഭാഗത്ത് നിന്നുമുള്ള പോര്‍വിളി തുടരുകയാണ്. പല തവണ പാര്‍ട്ടി താക്കീത് നല്‍കിയിട്ടും അവസാനിക്കാത്ത പ്രശ്‌നം നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തിയാല്‍ തീരുമോ എന്നതാണ് കണ്ടറിയേണ്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ എ ഗ്രൂപ്പുകാര്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

Top