ലീഗിനെ ‘ഹൈജാക്ക് ‘ ചെയ്ത് കോണ്‍ഗ്രസ്സ് നേതൃത്വം, സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ല, സമസ്ത പങ്കെടുക്കും

മലപ്പുറം: ഏക സിവില്‍ കോഡ് സെമിനാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനു കീഴടങ്ങി മുസ്ലീം ലീഗ്. സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണമാണ് കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദഫലമായി ലീഗ് നേതൃയോഗം തള്ളിയത്. ഇടി മുഹമ്മദ് ബഷീര്‍ എം.പി കെ.എം ഷാജി, എം.കെ മുനീര്‍ , കെ.പി.എ മജീദ് തുടങ്ങിയ ലീഗ് നേതാക്കളുടെ കടുത്ത നിലപാടും ലീഗ് നേതൃയോഗത്തെ സ്വാധീനിച്ചു. അതേസമയം ലീഗ് സി.പി.എം. സെമിനാറില്‍ പങ്കെടുത്തില്ലങ്കിലും, സമസ്ത പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലീഗ് നേതൃത്വത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. ലീഗിന്റെ പ്രധാന വോട്ട് ബാങ്കാണ് സമസ്ത. സി.പി.എം – സമസ്ത സഹകരണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍, പല ലീഗ് കോട്ടകളും നില പൊത്താനാണ് സാധ്യത. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സി.പി.എം സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലന്ന് ലീഗ് തീരുമാനിച്ചിരിക്കുന്നത്.

”കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കില്ലന്നും. കോണ്‍ഗ്രസിന്റെ പ്രധാനഘടകക്ഷിയാണ് മുസ്ലിം ലീഗെന്നും ചൂണ്ടിക്കാട്ടിയ ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. മുസ്ലിം സംഘടനകള്‍ക്ക് അവരുടെ തീരുമാനം പോലെ സെമിനാറില്‍ പങ്കെടുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഏക സിവല്‍ കോഡ് വിഷയത്തില്‍ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാര്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുവാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഈ സെമിനാറിലേക്ക് സി.പി.എമ്മിനെ സ്വാഗതം ചെയ്യുമെന്നാണ് പി.വി അബ്ദുള്‍ വഹാബ് എം.പി വ്യക്തമാക്കിയിരിക്കുന്നത്.

ജൂലൈ 15നാണു സിപിഎം സെമിനാര്‍ പരമ്പര ആരംഭിക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന വാദമാണ് ഇ.ടി – മുനീര്‍ വിഭാഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും നിലപാട് വ്യക്തമാക്കിയിരുന്നു. ലീഗ് പങ്കെടുക്കില്ലന്നാണ് ലീഗ് തീരുമാനം വരും മുന്‍പു തന്നെ കെ.സി വേണു ഗോപാല്‍ പറഞ്ഞിരുന്നത്. അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോണ്‍ഗ്രസ് തുറന്നടിക്കുന്നത്. അതേസമയം, ലീഗ് നിലപാട് തള്ളി സിപിഎം സെമിനാറില്‍ സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും , എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള മുസ്ലിം നേതാക്കളും പ്രമുഖ ക്രൈസ്തവ- ഹിന്ദു മത നേതാക്കളും പങ്കെടുക്കും.

Top