രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ് നേതൃത്വം

ജയ്പൂര്‍: നിരന്തര ഭീഷണികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. പിഎസ് എസിയില്‍ നിയമനിര്‍മ്മാണം നടത്താനും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനും തീരുമാനിച്ചതായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ അറിയിച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ് ലോട്ടും സച്ചിന്‍പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു. ഈ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അതേസമയം, നാളെ മുതല്‍ രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മന്ത്രിമാരും എം എല്‍ എ മാരും ഗൃഹസന്ദര്‍ശനം നടത്തും. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും, പക്ഷേ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കര്‍ണ്ണാടകയിലേത് പോലെ രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര വിജയത്തിന് ഊര്‍ജ്ജമാകും. സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനമില്ലാതെ അന്നേ ദിവസം പൊതുപരിപാടിയില്‍ പങ്കെടുത്ത് സച്ചിന്‍ ആവര്‍ത്തിച്ചത് അഴിമതിയോട് സന്ധിയില്ലെന്നാണ്. ജനങ്ങളാണ് തന്റെ കരുത്ത്. ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറന്‍സി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങള്‍ ചര്‍ച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നുമായിരുന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞത്. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകുമെന്നും രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാന്‍ പോരാട്ടം തുടരുമെന്നും പൈലറ്റ് പറഞ്ഞിരുന്നു. അശോക് ഗെഹ് ലോട്ടുമായി ഏറ്റുമുട്ടിയ സച്ചിനെ കേന്ദ്ര നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു.

 

Top