പ്രിയങ്കയ്ക്ക് കൂടുതൽ ഉത്തരവാദിത്വം നൽകിയേക്കും

ഡൽഹി: ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബരത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഇന്നുണ്ടാകും. കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയ നിലപാടും, സംഘടനയുടെ അജണ്ടയും ഇന്ന് പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള അംഗമെത്തണമെന്ന നിലയിൽ തന്നെയാണ് ച‍ർച്ചകൾ പുരോഗമിക്കുന്നത്. പുതിയ അധ്യക്ഷനായി രാഹുൽ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഇത്തരം ചർച്ചകളിൽ രാഹുൽ ഗാന്ധി അതൃപ്തനാണ്. സംഘടനാ ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന നിലപാടാണ് രാഹുൽ പ്രകടിപ്പിച്ചതെന്നാണ് വിവരം. അത്തരത്തിൽ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നതിൽ രാഹുലിന്റെ ഭാഗത്ത് നിന്നും കടുംപിടിത്തമുണ്ടായാൽ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന ച‍ർച്ചകളാണ് ചിന്തൻ ശിബിരത്തിൽ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രിയങ്കാ ഗാന്ധി യോഗ്യയാണെന്ന് ചിന്തൻ ശിബിരത്തിൽ അഭിപ്രായമുയ‍ർന്നു. പാർട്ടിയുടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ പ്രിയങ്കക്ക് നൽകണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. ഉത്തർപ്രദേശിൽ മാത്രമായി ഒതുക്കാതെ ദേശീയ തലത്തിൽ പ്രിയങ്കക്ക് ഭാരവാഹിത്വം നൽകണമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. നേരത്തെ യുപിയിലും മറ്റും നടന്ന പ്രശ്നങ്ങളിൽ പ്രിയങ്ക നടത്തിയ ഇടപെടലുകൾ ദേശീയ ശ്രദ്ധയാക‍ർഷിച്ചിരുന്നു. ഇതടക്കമുയർത്തിയാണ് പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അഭിപ്രായമുയർന്നത്. ചിന്തൻ ശിബിരത്തിൽ നേതൃമാറ്റ ആവശ്യമുയരുമ്പോഴും അധ്യക്ഷ പദവിയിലേക്ക് രാഹുൽ, പ്രിയങ്ക, സോണിയ ത്രയങ്ങളിൽ ഒതുങ്ങിയ ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അതേ സമയം, കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടാകാതെ പോയതിന്റെ നിരാശയിലാണ് പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ കഠിനാധ്വാനം ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ പൂർണ്ണ പിന്തുണ കിട്ടിയില്ലെന്നും ചിന്തൻ ശിബിരത്തിൽ പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരികെ കൊണ്ടുവരാൻ വലിയ ശ്രമം വേണ്ടിവരുമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ പ്രകടനങ്ങളും യോഗത്തിൽ ച‍ർച്ചയായി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ നിർണ്ണായകമാണെന്നും ഇനിയും കോൺഗ്രസ് മോശമായാൽ 2024 പ്രതീക്ഷിക്കേണ്ടെന്നുമാണ് മധ്യപ്രദേശ്, രാജസ്ഥാൻ പ്രതിനിധികൾ ഓർമ്മിപ്പിക്കുന്നത്.

Top