കോണ്‍ഗ്രസ് നേതാക്കള്‍ പരിധിവിടരുത്; വലിയ വില നല്‌കേണ്ടിവരുമെന്ന് മോദി

Narendra modi

ഹുബ്ലി: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് പോരെടുക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഹുബ്ലീയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിനെ നിശിതമായി മോദി വിമര്‍ശിച്ചത്. കോണ്‍ഗ്രസ്സ്‌
അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധിക്കും എതിരെ ശക്തമായ മുന്നറിയിപ്പാണ് മോദി നല്‍കിയിരിക്കുന്നത്. ഇനിയും പരിധി വിട്ടാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മോദി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഹുബ്ലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ദേഷ്യം പ്രകടിപ്പിച്ചത്.

ഇരുവരുടെയും പേര് പറയുന്നതിന് പകരം കോണ്‍ഗ്രസ്സ്‌ അമ്മയും അവരുടെ മകനും എന്നാണ് മോദി പരാമര്‍ശിച്ചത്. ഹുബ്ലിയില്‍ നിന്നുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ്സ്‌ നേതാക്കന്മാരോട് ചോദിക്കുകയാണ്.

എന്തുകൊണ്ടാണ് നിങ്ങള്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്. യെദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ അദ്ദേഹം കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നും മോദി വ്യക്തമാക്കി.

താനൊരിക്കലും പരിധിവിട്ട് സംസാരിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ നിങ്ങള്‍ പൊതുസ്ഥലത്ത് പരിധിവിട്ട് സംസാരിക്കുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസിലെ അമ്മയും മകനും കോടതിയില്‍ നിന്ന് ജാമ്യമെടുത്തതെന്ന് വിശദമാക്കണം. എന്ത് കാര്യത്തിനാണ് നിങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണം, നിങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വിശദമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസ് വ്യംഗ്യമായി പരമാര്‍ശിക്കുകയായിരുന്നു മോദി. കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പട്യാല ഹൗസ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരിക്കുകയാണ്.

സാമ്പത്തിക ക്രമക്കേട് നടത്തി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തുനടക്കുന്നവരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതിശക്തമായിത്തന്നെ മോദി വ്യക്തമാക്കി.ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് മോദി നടത്തിയത്. ഓരോ വാക്കും പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Top