പ്രതാപന് പിന്നാലെ സതീശനും; പട്ടികയില്‍ നിന്ന് ഒഴിവാക്കണം

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ടി.എന്‍.പ്രതാപന് പിന്നാലെ വി.ഡി.സതീശനും രംഗത്ത്. ഈ ആവശ്യം ഉയര്‍ത്തി പ്രതാപന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ജംബോ പട്ടികയില്‍ നിന്ന് ഇരട്ടപദവി ഒഴിവാക്കണം എന്നായിരുന്നു പ്രതാപന്‍ കത്തില്‍ പറഞ്ഞിരുന്നത്. അതേസമയം പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു സതീശന്റെ വാദം.

അതേസമയം, കെ. സുധാകരനേയും തന്നേയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചത് ഗ്രൂപ്പ് നേതൃത്വമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷും വ്യക്തമാക്കിയിരുന്നു. സ്ഥാനത്തു നിന്നു മാറണമെന്നു പറയേണ്ടത് ഗ്രൂപ്പ് നേതൃത്വമല്ല. അത് കൊണ്ട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താന്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജംബോ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് റെഡ് സിഗ്നല്‍ കാണിച്ചതോടെ കെപിസിസി ഭാരവാഹി പ്രഖ്യാപനം വീണ്ടും വഴിമുട്ടിയിരിക്കുകയാണ്. അല്‍പം വൈകിയാലും കുഴപ്പമില്ല മികച്ച നേതൃനിരവേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. വനിത പ്രാതിനിധ്യം കുറഞ്ഞതും പട്ടിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Top