ഏകപക്ഷീയമായ പുനഃസംഘടന നിർത്തിവയ്ക്കണം; 7 എംപിമാർ കെസി വേണുഗോപാലിനെ കണ്ടു

ഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എഐസിസിസി നേതൃത്വത്തോട് കടുത്ത അതൃപ്തി അറിയിച്ച് ഏഴ് എംപിമാർ. സുധാകരന്റെ കത്തിന് മറുപടി നൽകില്ലെന്ന് എംപിമാരായ കെ മുരളീധരനും എംകെ രാഘവൻ എംപിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും നേതാക്കൾ വേണുഗോപാലിനെ അറിയിച്ചു. വിഷയത്തിൽ ഇടപെടാമെന്ന് വേണുഗോപാൽ അറിയിച്ചതായി എംപിമാർ പറഞ്ഞു.

കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ, ആന്റോ അന്റണി, ഹൈബി ഈഡൻ തുടങ്ങിയ ഏഴ് എംപിമാരാണ് കെസി വേണുഗോപാലിനെ വസതിയിലെത്തി സന്ദർശിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ രണ്ട് എംപിമാർക്ക് കെ സുധാകരൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടി പാർട്ടിക്കകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് കത്തുനൽകിയെന്നാണ് എംപിമാർ പറയുന്നത്. എംപിമാർ നിലവിൽ എഐസിസി അംഗങ്ങളാണ്. എഐസിസി അംഗങ്ങളായ ഇവർക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകാറില്ല. ഈ സാഹചര്യത്തിൽ നോട്ടീസിന് മറുപടി നൽകില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കെസി വേണുഗോപാലിനെ അറിയിച്ചു.

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നില്ലെന്നും എംപിമാർ വേണുഗോപാലിനെ അറിയിച്ചു. നിലവിലെ പുനഃസംഘടന ഏകപക്ഷീയമാണെന്നും അത് നിർത്തിവെക്കണമെന്നും എംപിമാർ അറിയിച്ചു. രാവിലെ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ രംഗത്തുവന്നിരുന്നു.

Top