ഡല്‍ഹി: ബിഎസ്പി എംപി ഡാനിഷ് അലിയ്ക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചത്. ലോക്‌സഭയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ എംപിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സ്പീക്കറോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടാന്‍ താന്‍ ബാധ്യസ്ഥനാണെന്നായിരുന്നു ചൗധരിയുടെ പ്രതികരണം.
പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു അംഗത്തിനെതിരെയും ഇത്തരം വാക്കുകള്‍ ആരും ഉപയോഗിച്ചിട്ടില്ല, അതും ബഹുമാനപ്പെട്ട സ്പീക്കറുടെ സാന്നിധ്യത്തില്‍. രമേഷ് ബിധുരിയെ താക്കീത് ചെയ്യുകയും ഡാനിഷ് അലിക്കെതിരെ അദ്ദേഹം ഉപയോഗിച്ച അസഭ്യവാക്കുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ രമേഷ് ബിധുരിയുടെ വാക്കുകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനം കണക്കിലെടുത്ത്, പ്രിവിലേജ് കമ്മിറ്റി വിഷയം വിശദമായി പരിശോധിച്ച് തെറ്റ് ചെയ്ത അംഗം രമേഷ് ബിധുരിക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും കത്തില്‍ ഉന്നയിക്കുന്നു.
ചന്ദ്രയാന്‍ 3ന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബിജെപി എംപിയായ രമേശ് ബിധുരി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് രമേഷ് ബിധുരി നടത്തിയത്.