തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഉന്തും തളളും; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും കയ്യാങ്കളിയും. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം. നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.


പശ്ചിമ ഉത്തര്‍പ്രദേശിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. ഈ തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായത്. നേതാക്കള്‍ പരസ്പരം ഉന്തും തളളും നടത്തുന്നതും മറ്റു നേതാക്കള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും പുറത്തു നിന്നുള്ള ആരും ഇടപെടേണ്ടെന്നും ഇതുസംബന്ധിച്ചുളള ചോദ്യത്തിന് ഒരു കോണ്‍ഗ്രസ് നേതാവ് വിശദീകരണം നല്‍കി. എന്നാല്‍ ഈ കയ്യാങ്കളി കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാക്കുന്നതാണെന്നാണ് പാര്‍ട്ടി നേതാവ് കെ കെ ശര്‍മ്മ പറഞ്ഞു. ശരിയായ ആളുകളുമായി കൂടിയാലോചന നടത്താതെ നേതൃത്വം തീരുമാനമെടുത്തതാണ് തോല്‍വിക്ക് കാരണമെന്നും ശര്‍മ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ പറയാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടെന്ന് താന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ധരിപ്പിച്ചതായും കെ കെ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

Top