‘തൊഴുത്ത് മാറ്റി കെട്ടിയതുകൊണ്ട് ഫലം ഉണ്ടാവില്ല’; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല. സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ല. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്. ആയിരം അടി ദൂരെനിന്നേ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നുള്ളൂ. അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ ഹൈക്കമാന്‍ഡ് പരസ്യ പ്രതികരണങ്ങള്‍ വിലക്കിയിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും എന്നും കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സര്‍ക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഗവര്‍ണറുടെ ചായസത്കാരവും ഉണ്ടാകും. ചടങ്ങിന് ശേഷം ഗവര്‍ണര്‍ മുംബൈക്ക് പോകും.

Top