‘ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയും നാടകം’; രമേശ് ചെന്നിത്തല

ആലപ്പുഴ: കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് ആളുകളെ പറ്റിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു.പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കേന്ദ്രത്തെ പുകഴ്ത്താന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ഈ കാട്ടുന്നത് രാഷ്ട്രീയ നാടകമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

‘ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയും നാടകമാണ്. തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ആവാത്തതിലുള്ള നാടകമാണത്. അനാവശ്യ ധൂര്‍ത്ത് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ലക്കും ലഗാനുമില്ലാതെ കടം വാങ്ങി കൂട്ടിയതിന്റെ ഫലമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി. യുഡിഎഫ് ഇറക്കിയ ധവള പത്രങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. കേരളം നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് സര്‍ക്കാരിന് മാറി നില്‍ക്കാനില്ല. കേരളം സാമ്പത്തിക പ്രതിസസിയിലേക്ക് കൂപ്പു കുത്തുകയാണ്. യുഡിഎഫ് തീരുമാനത്തിന് കാക്കാതെ സമരത്തിന് ദിവസം നിശ്ചയിച്ചു. സിപിഐഎം തീരുമാനത്തിന് പിറകെ പോകണ്ട ഗതികേട് യുഡിഎഫിന് ഇല്ല’ ചെന്നിത്തല വിമര്‍ശിച്ചു.

കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റും കിട്ടാന്‍ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷത്തിന് ഉള്ള ഒരു സീറ്റ് നഷ്ടമാകുമെന്നും ഇരുപതില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സര്‍വ്വതാ യോഗ്യനാണ്. ആരു പ്രധാനമന്ത്രിയാകും എന്ന കാര്യം ഇന്‍ഡ്യ മുന്നണില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. കെപിസിസി അവഗണിക്കുന്നുവെന്ന കെ.എസ്.യുവിന്റെ പരാതിയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.എസ്.യു അവഗണന നേരിടുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു പ്രതികരണം. കെപിസിസി നേതൃത്വം എല്ലാ പോഷക സംഘടനകളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top