നരേന്ദ്രമോദിക്കെതിരായ പ്രസ്താവന;പവന്‍ ഖേരയ്ക്ക് തിരിച്ചടി, ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി നേരെത്തെ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പവന്‍ ഖേര സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മോദിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് പവന്‍ ഖേരയ്ക്കെതിരെ അസമിലും ഉത്തര്‍പ്രദേശിലും രജിസ്റ്റര്‍ ചെയ്ത മൂന്ന് എഫ്ഐആറുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20 ന് സുപ്രീം കോടതി സംയോജിപ്പിച്ചിരുന്നു.

ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കേസ് മാറ്റിയത്. കേസില്‍ ലഖ്‌നൗ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ആരോപണവിധേയമായ പരാമര്‍ശങ്ങള്‍ക്ക് ഖേര കോടതിയില്‍ നിരുപാധികം മാപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

Top