ഡിസിസി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍; ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കും

കൊച്ചി: എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ കോൺഗ്രസ് വിട്ടു. ഇനി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് മുരളീധരൻ പറഞ്ഞു. സിപിഎം നേതാക്കളോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുരളീധരൻ പാർട്ടിമാറ്റം പ്രഖ്യാപിച്ചത്.

തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അസ്വസ്ഥരായ ആളുകൾ ഇനിയും കോൺഗ്രസ് പാർട്ടിയിലുണ്ട്. അവർ തുറന്നു പറയാതിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയെ നേരിൽ കണ്ട് വികസനപ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നും നല്ല സമീപനമാണുണ്ടായതെന്നും മുരളീധരൻ വ്യക്തമാക്കി. ജോ ജോസഫിന് വേണ്ടി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് പാർട്ടി മാറ്റം.

പി ടി തോമസുമായി അദ്ദേഹം മഹാരാജാസ് കോളജിൽ പഠിക്കാൻ വന്നപ്പോൾ മുതൽ അടുത്ത ബന്ധമുണ്ടായിരുന്നു. പക്ഷെ, തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയല്ല സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത്. പാർട്ടിയിലെ സജീവ പ്രവർത്തകർക്കാണ് സ്ഥാനാർത്ഥിത്വം നൽകേണ്ടിയിരുന്നതെന്നും എം ബി മുരളീധരൻ ആവർത്തിച്ചു.

സ്ഥാനാർത്ഥി നിർണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ല. അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. വിവാദത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും എം ബി മുരളീധരൻ വ്യക്തമാക്കി.

Top