ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ‘ഫഹ്ത വസൂലി യോജന’: ജയ്‌റാം രമേശ്

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ ഓരോ ദിവസവും അഴിമതി വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇഡി,സിബിഐ ,ആദായ നികുതി വകുപ്പ് അന്വേഷണങ്ങള്‍ നേരിടുന്ന 21 കമ്പനികള്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കോടികളുടെ ബോണ്ട് വാങ്ങിയെന്നാണ് പുറത്ത് വന്ന വിവരങ്ങളില്‍ നിന്നുളള കണ്ടെത്തല്‍. ഡയറക്ടറെ ഇഡി അറസ്റ്റ് ചെയ്ത് 5 ദിവസത്തിന് ശേഷം അരബിന്ദോ ഫാര്‍മ 5 കോടിയുടെ ബോണ്ട് വാങ്ങി. ആദായ നികുതി റെയ്ഡിന് ആറ് മാസങ്ങള്‍ക്ക് ശേഷം നവയുഗ 30 കോടിയുടെ ബോണ്ട് വാങ്ങി.ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഫഹ്ത വസൂലി യോജനയാണെന്ന് ജയ്‌റാം രമേശ് പരിഹസിച്ചു.ഇഡിയും ആദായ നികുതി വകുപ്പും ഇതിന്റെ ഭാഗമെന്നും ജയ്‌റാം രമേശ് പരിഹസിച്ചു.

തെരഞ്ഞടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങളും സുപ്രീം കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്ന സൂചനകള്‍ കണ്ട് തുടങ്ങിയപ്പോഴോ നടന്നതിന് ശേഷമോ ആണ് പല കമ്പനികളും ബോണ്ടുകള്‍ വാങ്ങിയത്. 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി ബോണ്ടുകള്‍ വാങ്ങാനാരംഭിച്ചത് കേന്ദ്രത്തിന്റെ അന്വേഷണ നീക്കത്തിന് പിന്നാലെയാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുടെ തട്ടിപ്പ് സാധ്യത വിവരം 2019 സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. കൃത്യം ഒരുമാസത്തിന് ശേഷം 190 കോടിയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. 600 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയ കെവന്റര്‍ ഗ്രൂപ്പും ബോണ്ട് വാങ്ങിയത് ഇഡി അന്വേഷണം നേരിടുമ്പോഴാണെന്നാണ് റിപ്പോര്‍ട്ട്. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ കമ്പനി ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയിരുന്നതായും പറയുന്നു.

Top