ഡി.കെ. ശിവകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും

ബംഗളൂരു: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യ ഹരജിയില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. ചൊവ്വാഴ്ച ജാമ്യ ഹര്‍ജി തള്ളിയ കോടതി ഡി.കെ. ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

ഇ.ഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ശിവകുമാറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

കേസില്‍ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ അടുത്ത സഹായികളായ സച്ചിന്‍ നാരായണ്‍, കൂട്ടുപ്രതി അഞ്ജനേയ ഹലുമന്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തു.

ശിവകുമാര്‍ രൂപവത്കരിച്ച എഡ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും സിംഗപ്പൂരിലെ പണമിടപാട് സംബന്ധിച്ചുമാണ് ചോദിച്ചത്. 2017-ല്‍ ശിവകുമാറും ഐ ശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂരിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഇഡി ആരാഞ്ഞു. ട്രസ്റ്റിന്റെ ട്രസ്റ്റി ഐശ്വര്യയാണ്.

സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. അനധികൃതസ്വത്ത് ആരോപണത്തേത്തുടര്‍ന്ന് 2017-ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള വസതികളിലടക്കം റെയ്ഡ് നടത്തിയിരുന്നു. എട്ടരക്കോടിയോളം രൂപയും വന്‍പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

Top