ഇന്ത്യ മുന്നണിയില്‍ തര്‍ക്കം രൂക്ഷം; നിതീഷിനെ കണ്‍വീനര്‍ ആക്കാനാകില്ലെന്ന് മമത ബാനര്‍ജി

ഡല്‍ഹി: ഇന്ത്യ മുന്നണിയില്‍ തര്‍ക്കം രൂക്ഷം. ബംഗാളില്‍ കോണ്‍ഗ്രസിന് 2 സീറ്റ് നല്‍കാമെന്ന മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം നിതീഷ് കുമാറിന് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

കണ്‍വീനര്‍ പദത്തിലൂടെ നിതീഷ് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വമെന്നുമാണ് തൃണമൂല്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ തൃണമൂലിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സഖ്യയോഗം നീട്ടിവച്ചത് തൃണമൂലിന്റെ എതിര്‍പ്പ് മൂലമെന്നാണ് സൂചന. അതേസമയം, 259 സീറ്റുകളില്‍ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിന് മമതയുടെ ഔദാര്യം വേണ്ടെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയത്. മമതയുടെ ശ്രമം മോദിയെ സന്തോഷിപ്പിക്കാനാണെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ കുറ്റപ്പെടുത്തല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ 65 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് സമാജ്‌വാദി പാര്‍ട്ടി. കോണ്‍ഗ്രസിനായി പത്തും ആര്‍എല്‍ഡിക്ക് അഞ്ചും സീറ്റ് നീക്കിവെക്കാനും ആലോചനയുണ്ട്. അഖിലേഷ് യാദവ് കനൗജില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

Top