ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഇടതുപക്ഷ സഖ്യത്തിന് കോണ്‍ഗ്രസ്സ് മുന്‍കൈയ്യെടുക്കും; എകെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപിയെക്കാള്‍ മുന്‍തൂക്കം ലഭിക്കുകയെന്ന പ്രസ്താവനയുമായി എ.കെ ആന്റണി. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ മതേതര,ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തില്‍ എന്തു വില കൊടുത്തും ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുസ്വരതയും വൈവിധ്യവുമാണ് രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയധാരകള്‍ക്കും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അഭിപ്രായം അറിയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ട്. അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോണ്‍ഗ്രസിനോ താല്‍പര്യമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കാര്‍ഷികമേഖലയടക്കമുള്ള ഇന്ത്യന്‍ ഗ്രാമീണ സമ്പദ്ഘടനയുടെ തകര്‍ച്ചയ്ക്കും അടിയന്തര പ്രാധാന്യം നല്‍കി പരിഹാരം കാണുന്ന ഒരു ഗവണ്‍മെന്റ് വേണം. എന്തു വില കൊടുത്തായാലും ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഒരു ഗവണ്‍മെന്റ് വീണ്ടും ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും.

ഇലക്ഷന് ശേഷം കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ മറ്റ് കക്ഷികളെ കൂടി സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top