നിയമസഭയിലേക്കും യുവത്വത്തെ മുൻനിർത്തി പട നയിക്കാൻ പിണറായി !

നിയമസഭ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങള്‍ക്ക് പരിഗണന ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സില്‍ പടയൊരുക്കം. യൂത്ത് കോണ്‍ഗ്രസ്സ്-കെ.എസ്.യു സംസ്ഥാന നേതൃത്ത്വങ്ങളാണ് സമ്മര്‍ദ്ദ ശക്തിയാകാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്റിനെ സമീപിക്കാന്‍ ഇരു സംഘടനകളുടെയും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളെയും പരിഗണിക്കേണ്ട മണ്ഡലങ്ങളെയും സംബന്ധിച്ച് കെ.പി.സി.സിക്ക് മാത്രമല്ല, ഹൈക്കമാന്റിനും പട്ടിക നല്‍കും. യുവത്വത്തിന് പരിഗണന നല്‍കിയില്ലങ്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാകുകയെന്ന മുന്നറിയിപ്പാണ് യൂത്ത് കോണ്‍ഗ്രസ്സ്-കെ.എസ്.യു നേതാക്കള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. യു.ഡി.എഫിലെ മറ്റൊരു ഘടക കക്ഷിയായ മുസ്ലീം ലീഗിലും സമാന സാഹചര്യമാണുള്ളത്. എം.എസ്.എഫ്-യൂത്ത്‌ലീഗ് സംഘടനകള്‍ മതിയായ പ്രാതിനിത്യം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഇത്തവണ 30 സീറ്റില്‍ മത്സരിക്കാനാണ് മുസ്ലീംലീഗ് ഉദ്ദേശിക്കുന്നത്. എല്‍.ജെ.ഡിയും ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സും മുന്നണി വിട്ടതിനാല്‍ അധിക സീറ്റിന് അര്‍ഹതയുണ്ടെന്നതാണ് ലീഗിന്റെ വാദം. കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതോടെ യുവത്വത്തിന് പരിഗണന കിട്ടുമെന്നാണ് ലീഗിലെ യുവ നേതാക്കള്‍ കരുതുന്നത്.

 

പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവയ്ക്കുന്നതോടെ ഒഴിവ് വരുന്ന മലപ്പുറം സീറ്റില്‍ യുവ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ലീഗില്‍ ഉയര്‍ന്നു കഴിഞ്ഞു. രാജ്യസഭാംഗമായ പി.വി അബ്ദുള്‍ വഹാബ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിലും യുവ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. യു.ഡി.എഫ് പോഷക സംഘടനകളുടെ ഈ സംഘടിത നീക്കം കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് നേതൃത്വങ്ങളെയാണ് പ്രതിരോധത്തിലാക്കുന്നത്.

ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് നല്‍കുന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ പുതിയ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമാര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഒരു ഡി.സി.സിയും വിദ്യാര്‍ത്ഥി – യുവജന പ്രവര്‍ത്തകരെ പരിഗണിച്ചിരുന്നില്ല. മുസ്ലീംലീഗ് മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ മാറ്റി നിര്‍ത്തിയെങ്കിലും ആ ഒഴുവില്‍ പക്ഷേ വിദ്യാര്‍ത്ഥി – യുവജന പ്രാതിനിത്യം ഉറപ്പ് വരുത്തിയിരുന്നില്ല. എന്നാല്‍, സി.പി.എം ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. താഴെ തട്ടുമുതല്‍ തന്നെ വിദ്യാര്‍ത്ഥി-യുവജന പ്രാതിനിത്യം ഉറപ്പു വരുത്താനും ഇടപെടലുകളുണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഭരണ സാരഥ്യത്തിലും യുവത്വത്തിന് വലിയ പരിഗണനയാണ് സി.പി.എം നല്‍കിയിരിക്കുന്നത്. നിരവധി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പോലെ ഇതില്‍ മിടുക്കികളായ പെണ്‍കുട്ടികളുടെ സാന്നിധ്യം രാഷ്ട്രം തന്നെ ശ്രദ്ധിച്ചതാണ്. ഇക്കാര്യത്തില്‍ എസ്.എഫ്. ഐ.വഹിച്ച പങ്കിനെയും പ്രത്യേകമായാണ് മുഖ്യമന്ത്രി എടുത്ത് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുമുണ്ട്. നിരവധി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമസഭ തിരഞ്ഞെടുപ്പിലും പരിഗണിക്കപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്ന വാക്കുകളാണിത്.

സാധാരണ ഗതിയില്‍ പൊതുതെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല ഉപതിരഞ്ഞെടുപ്പുകളിലും യുവത്വത്തിന് സി.പി.എം പരിഗണന നല്‍കാറുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും വി.കെ പ്രശാന്തും കോന്നിയില്‍ നിന്നും കെ.യു ജനീഷ് കുമാറും വിജയിക്കുകയും ചെയ്തു. ഈ പരീക്ഷണമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും സി.പി.എം നടത്തിയിരുന്നത്. അതാകട്ടെ വലിയ രൂപത്തില്‍ വിജയിക്കുകയും ചെയ്തു.

21 വയസ്സുകാരിയെ മേയറും പഞ്ചായത്ത് പ്രസിഡന്റുമാക്കിയ സി.പി.എം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അടിസ്ഥാന പ്രായമായ 25 തികഞ്ഞ എത്ര പേരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളും നിലവില്‍ ഉറ്റു നോക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എം യുവത്വത്തിന് പരിഗണന കൊടുക്കുമെന്ന് യു.ഡി.എഫും ഇപ്പോള്‍ മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് എത്ര മാത്രം അത്തരം പരിഗണനകള്‍ നല്‍കാന്‍ പറ്റുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിന് തന്നെ സംശയവുമുണ്ട്.

സിറ്റിംഗ് എം.എല്‍.എമാരില്‍ ആരും തന്നെ മാറി നില്‍ക്കാന്‍ തയ്യാറല്ല. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റവരും ഇത്തവണയും സജീവമായി രംഗത്തുണ്ട്. ഇതുപോലുള്ള അധികാര മോഹികളായ നേതാക്കളാണ് കോണ്‍ഗ്രസ്സിലെയും മുസ്ലീം ലീഗിലെയും വില്ലന്‍മാര്‍ മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലങ്കില്‍ സ്വന്തം മുന്നണി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ വരെ മടി കാണിക്കാത്തവരാണ് ഇവരില്‍ പലരും. എം.പിമാരുടെ പടയും ഇത്തവണ മത്സരിക്കാന്‍ റെഡിയായി നില്‍ക്കുകയാണ്.

 

ഗ്രൂപ്പ് നോമിനികള്‍ക്ക് പുറമെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.കെ ആന്റണിക്കും കെ.സി വേണുഗോപാലിനും വരെ ഇത്തവണ നോമിനികളുണ്ടാകും. ജാതി – മത ശക്തികളുടെ ശുപാര്‍ശയില്‍ വരുന്നവരെയും യു.ഡി.എഫിന് തള്ളിക്കളയാന്‍ കഴിയുകയില്ല. ഇതെല്ലാം പരിഗണിച്ച് കഴിഞ്ഞാല്‍ എവിടെ നിന്ന് സീറ്റെടുത്ത് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്ന ചോദ്യമാണ് അവശേഷിക്കുക.യു.ഡി.എഫ് നേരിടുന്നത് ചെറിയ വെല്ലുവിളിയല്ലെന്നത് വ്യക്തം.

തെരഞ്ഞെടുപ്പ് വിജയത്തിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രധാന ഘടകമായതിനാല്‍ ഇത്തവണ ഹൈക്കമാന്റ് കൃത്യമായി ഇടപെടുമെന്നത് മാത്രമാണ് യുവതുര്‍ക്കികളുടെ പ്രതീക്ഷ. ഈ പ്രതീക്ഷയില്‍ പ്രത്യേക പട്ടികയും തയ്യാറാക്കിയാണ് കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ മുന്നോട്ട് പോകുന്നത്. എം.എസ്.എഫ് – യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെടുന്നത് സംസ്ഥാന ഭാരവാഹികള്‍ക്ക് സീറ്റ് നല്‍കണമെന്നതാണ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ് ലിയ എന്നിവരുടെ പേരുകളാണ് ലീഗ് പോഷക സംഘടനകളില്‍ സജീവമായിട്ടുള്ളത്. ഇവരുടെയെല്ലാം പ്രതീക്ഷയാകട്ടെ സി.പി.എമ്മിലുമാണ്. കാരണം സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്ത് വന്നാല്‍ യു.ഡി.എഫ് തങ്ങള്‍ക്കും പരിഗണന നല്‍കുമെന്നതാണ് ഈ പ്രതീക്ഷക്ക് അടിസ്ഥാനം.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന സി.പി.എം സോഷ്യല്‍ മീഡിയ രംഗത്തെ ഇടപെടലും ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും പരമാവധി ജനങ്ങളിലെത്തിക്കാനാണ് ചെമ്പടയുടെ ശ്രമം. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തീരുമാനം മാസായിരിക്കുമെന്ന കാര്യത്തിലും അണികള്‍ക്ക് മറിച്ചൊരു അഭിപ്രായമില്ല. സിനിമ കണ്ടു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ വിളിച്ചിറക്കി സ്ഥാനാര്‍ത്ഥിയാക്കി പാര്‍ലമെന്റിലേക്ക് പറഞ്ഞ് വിട്ട പാര്‍ട്ടിയാണിത്.

 

ശിവരാമന്‍ മുതല്‍ ഇപ്പോള്‍ തിരുവനന്തപുരം മേയര്‍ ആര്യ വരെ സി.പി.എം കൈ കൊണ്ട അപ്രതീക്ഷിത തീരുമാനങ്ങള്‍ അനവധിയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നതും ഇത്തരം മിന്നല്‍ തീരുമാനങ്ങള്‍ക്കായാണ്. യു.ഡി.എഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതും അതു തന്നെയാണ്.

Top