ഓരോ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും കോണ്‍ഗ്രസ് ഓരോ സീറ്റില്‍ തോറ്റുകൊണ്ടിരിക്കും; കെസിആര്‍

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളെക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ആകെയുള്ള 119 സീറ്റില്‍ 20ല്‍ താഴെ സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂവെന്നും കെസിആര്‍ പറഞ്ഞു.

ബിആര്‍എസ് സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍കാലങ്ങളില്‍ ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്ന് ആരോപിച്ച് അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു.

മധീരയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതികരണം. കോണ്‍ഗ്രസില്‍ ഒരു ഡസന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുണ്ടെന്നും കെസിആര്‍ പരിഹസിച്ചു. ഇനിയും 30 മണ്ഡലങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഞാന്‍ 30 മണ്ഡലങ്ങളില്‍ കൂടി പര്യടനം നടത്തി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പരാജയപ്പെടും. ഓരോ മണ്ഡലങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കുമ്പോഴും കോണ്‍ഗ്രസ് ഓരോ സീറ്റില്‍ തോറ്റുകൊണ്ടിരിക്കുകയാണ്’: കെസിആര്‍ പറഞ്ഞു.

Top