കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്ന് ഭീക്ഷണി; സംരക്ഷണം ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍

മുംബൈ: മുംബൈ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ട് ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നുമാണ് 14 എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിലേക്ക് വരാനിരിക്കെയാണ് വിമതര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് നിലവില്‍ രാജിവെച്ചത്. എന്നാല്‍ കര്‍ണാടക സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല. 16 പേര്‍ രാജിക്കത്ത് നല്‍കിയതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Top