പിണറായിയുടെ പൊലീസു തന്നെ വേണം . . കോൺഗ്രസ്സ് എം.എൽ.എമാരെ കാക്കാൻ!

ബെംഗളുരു: കർണ്ണാടകത്തിലെ കോൺഗ്രസ്സ് എം.എൽ.എമാരെ ‘കാക്കാനും’ വേണം പിണറായിയുടെ പൊലീസിനെ ! കേരളത്തിലെ കോൺഗ്രസ്സുകാർ പരസ്യമായി അംഗീകരിച്ചില്ലങ്കിലും ഹൈക്കമാന്റിന് വിശ്വാസമാണ് കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന കേരളത്തെ.യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് കോൺഗ്രസ്സ് – ജെ.ഡി.എസ് എം.എൽ.എമാരെ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നത്.

ഒരു എം.എൽ.എയെ പിടിക്കാൻ 100 കോടി വരെ ബി.ജെ.പി ക്യാംപ് വാഗ്ദാനം ചെയ്തതായ ആരോപണം ഉയർത്തിയ കോൺഗ്രസ്സ് – ജെ.ഡി.എസ് നേതാക്കൾ എം.എൽ.എമാർ ‘റാഞ്ച’ പെടാതിരിക്കാനാണ് ഇപ്പോൾ കൊച്ചിയിൽ താമസിപ്പിക്കാൻ തീരുമാനിച്ചിരിക്കന്നത്. ചാർട്ടേഡ് വിമാനത്തിനു കേന്ദ്ര വ്യാമയേന മന്ത്രാലയം അനുമതി നിഷേധിച്ചതിനാൽ ടൂറിസ്റ്റ് ബസിലായിരിക്കും എം.എൽ.എമാരുടെ യാത്രയെന്നാണ് അറിയുന്നത്. കേരള പൊലീസ് കാവിയുടെ നിഴൽ പോലും അടുപ്പിക്കാതെ ആവശ്യമായ സഹായം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ബി.ജെ.പിയുടെ ഒന്നാം നമ്പർ ശത്രുവായ മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന മണ്ണിൽ ഒരു സാഹസത്തിനും സംഘപരിവാർ മുതിരില്ലന്ന ഉറച്ച വിശ്വാസത്തിലാണ് കർണ്ണാടകയിലെ പ്രതിപക്ഷം. ചെങ്ങന്നൂരിൽ ഇടതുപക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ ഒന്നാംന്തരം ഒരു ആയുധം കൂടിയാവും ഈ സംരക്ഷണം. ‘സ്വന്തം എം.എൽ.എമാരെ സംരക്ഷിക്കാൻ കോൺഗ്രസ്സിന് പിണറായി സർക്കാറിനെ ആശ്രയിക്കേണ്ടി വന്നു’ എന്ന പ്രചരണം യു.ഡി.എഫിന്റെ മുനയൊടിക്കും.

ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങൾ ഇതിനായി പരിഗണിച്ചെങ്കിലും ഒടുവിൽ നറുക്ക്‌ കേരളത്തിന് തന്നെ വീഴുകയായിരുന്നു. കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുമതല വഹിച്ച കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നിർദ്ദേശവും ഇതിനായി പരിഗണിച്ചിരുന്നതായാണ് വിവരം. കൂടാതെ എംഎൽഎമാരെ കേരളത്തിൽ സുരക്ഷിതമായി നിർത്താനുളള സാഹചര്യങ്ങൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തിരുന്നു.

അതേസമയം യെദിയൂരപ്പയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധർണ നടത്താന്‍ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തേ എംഎൽഎമാർ താമസിച്ചിരുന്ന റിസോർട്ടിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സർക്കാർ തിരികെ വിളിച്ചിരുന്നു.

ഇതിനിടെ കർണാടകയിൽ നാലു പൊലീസ് ഉദ്യോഗസ്ഥർക്കു സ്ഥലം മാറ്റം നൽകിക്കൊണ്ട്‌ സർക്കാർ ഉത്തരവും പുറത്തിറങ്ങി. ബെംഗളുരു അഡീഷനൽ ഡയറക്ടർ ജനറൽ അമർ കുമാർ പാണ്ഡെയെ ബെംഗളുരു ഇന്റലിജൻസിലേക്കാണു മാറ്റിയത്. കെഎസ്ആർപി ഡിഐജി സന്ദീപ് പാട്ടീലിനും ഇന്റലിജൻസിലേക്കാണു മാറ്റം. ബിദാർ ജില്ല എസ്പി ഡി. ദേവരാജയെ ബെംഗളുരു സെൻട്രൽ ഡിവിഷൻ ഡിസിപിയായും എസ്. ഗിരീഷിനെ ബെംഗളുരു നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപിയായും നിയമിച്ചിരിക്കുകയാണ്.

Top