കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് ഭിന്നത: കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്സ്

kumaraswamy dk

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിഞ്ജയ്ക്കു തൊട്ടുമുമ്പ് കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തര്‍ക്കം തുടങ്ങിയത്. എച്ച്.ഡി കുമാരസ്വാമിയും സോണിയ ഗാന്ധിയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ തര്‍ക്കം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസഭ രൂപീകരണത്തില്‍ കോണ്‍ഗ്രസ്സുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുമാരസ്വാമി പറഞ്ഞു.

മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഇരുപാര്‍ട്ടികളിലെയും നേതൃത്വങ്ങള്‍ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ജി. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്നായിരുന്നു പ്രാഥമിക ധാരണ. കോണ്‍ഗ്രസ്സിന് 20 കാബിനറ്റ് മന്ത്രിമാരും ജെഡിഎസിന് 14 കാബിനറ്റ് മന്ത്രിമാരും എന്നും ധാരണയായിരുന്നു. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ്സും ജെഡിഎസും തമ്മില്‍ മുമ്പുണ്ടായിരുന്ന സഖ്യം കയ്‌പ്പേറിയ അനുഭവമായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു. ധനകാര്യ വകുപ്പ് കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യും. ഡി.കെ ശിവകുമാറിന് മുമ്പ് വഹിച്ചിരുന്ന ഊര്‍ജമന്ത്രാലയത്തിന്റെ ചുമതല നല്‍കുമെന്നും അറിയുന്നു.

Top