കശ്മീര്‍ സന്ദര്‍ശിക്കും; സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സന്ദര്‍ശനം നടത്താനുള്ള ഗവര്‍ണര്‍ സത്യപാല്‍മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സൈനികരെയും കാണുന്നതിനും അവരോട് സംസാരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനം നല്‍കാമെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് അത് വേണ്ടെന്നും രാഹുല്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മു-കശ്മീരില്‍ സംഘര്‍ഷം നടക്കുന്നുവെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു. രാഹുലിനെ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലെന്നും വിമാനം അയച്ചുതരാമെന്നും ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം രാഹുല്‍ പ്രതികരിക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ഇതിനു പിന്നാലെ ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനം സംബന്ധിച്ച തിയതിയോ മറ്റ് വിവരങ്ങളോ വ്യക്തമല്ല.

Top