100 സീറ്റെങ്കിലും പിടിച്ചില്ലങ്കില്‍ പ്രതീക്ഷകള്‍ തകരും, രാഹുലിന് മുന്നില്‍ അഗ്‌നി പരീക്ഷ !

Rahul gandhi

ന്യൂഡല്‍ഹി: യു.പി യില്‍ മായാവതിയുമായി അഖിലേഷ് യാദവ് സഖ്യമുണ്ടാക്കുന്നതിനെ പോത്സാഹിപ്പിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് നേതൃത്വം ആശങ്കയില്‍.

യുപിയില്‍ ആകെയുള്ള 80 സീറ്റില്‍ 75ഉം എസ്.പി ബി.എസ്.പി സഖ്യം ശാശ്വതമായാല്‍ തൂത്ത് വാരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. ബീഹാറില്‍ ലല്ലു പ്രസാദിന്റെ ആര്‍.ജെ.ഡിയും ആന്ധ്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും നേട്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഒറീസ്സയില്‍ ബിജു ജനതാദള്‍ കോട്ട കാക്കും എന്ന് തന്നെയാണ് വിശ്വാസം.

തമിഴകത്ത് രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടി അല്ലങ്കില്‍ ഡി.എം.കെ നേട്ടമുണ്ടാക്കും. ബംഗാളില്‍ മമത മേധാവിത്വം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.

543 അംഗ ലോക്‌സഭയില്‍ 250 അംഗങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും മാത്രം പ്രതിനിധീകരിക്കുന്നത്. ടി.ആര്‍.എസ് ഭരിക്കുന്ന തെലുങ്കാനയില്‍നിന്നും 17 ലോക്‌സഭ അംഗങ്ങളും ഇതിനുപുറമെയുണ്ട്.

ഈ സാഹചര്യത്തില്‍ ബി.ജെ.പി വിരുദ്ധ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ പ്രധാനമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് കരുതുന്നത്.

ഭാവിയില്‍ പ്രതീക്ഷിക്കുന്ന ഈ ‘വെല്ലുവിളി’ അതിജീവിക്കാന്‍ 150ല്‍ കുറയാത്ത ലോക്‌സഭ അംഗങ്ങളെങ്കിലും കോണ്‍ഗ്രസ്സിന് മാത്രം ലഭിക്കേണ്ടതുണ്ടെന്നാണ് പാര്‍ട്ടി ‘ബുദ്ധിജീവികള്‍’ രാഹുലിനെ ഉപദേശിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇടതുപക്ഷം മേധാവിത്വം നില നിര്‍ത്തിയാലും മോശമാകാത്ത ഒരു പ്രകടനം കോണ്‍ഗ്രസ്സ് സ്വപ്നം കാണുന്നുണ്ട്.

കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ ഇല്ലാത്തത് മധ്യകേരളത്തില്‍ തിരിച്ചടിയാകാതിരിക്കാന്‍ മാണിയെ അനുനയിപ്പിക്കാന്‍ മുസ്ലീംലീഗിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ആകെയുള്ള 20 സീറ്റില്‍ 10 എണ്ണമെങ്കിലും നേടണമെന്നതാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. കര്‍ണ്ണാടകയിലെ 27 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്നാണ് അവകാശവാദം.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റില്‍ ഒറ്റക്ക് വിജയിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ്സ് തന്ത്രം.

യു.പിയിലെയും ബീഹാറിലെയും ലോക് സഭ തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ ചേരിക്ക് പുതിയ ഉണര്‍വ് നല്‍കിയതിനാല്‍ കാര്യങ്ങള്‍ ഇനി സുഗമമാകും എന്ന് കണ്ട് അമിത ആത്മവിശ്വാസം പാടില്ലന്ന് രാഹുല്‍ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റക്ക് പരമാവധി സീറ്റ് സമ്പാദിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നീട് വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങേണ്ടി വരുമെന്നും, അല്ലങ്കില്‍ പ്രാദേശിക കക്ഷികള്‍ ബി.ജെ.പി കുടാരത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ ഭയക്കുന്നു.

റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍

Top