സംസ്ഥാനത്ത് ആദ്യമായി പാർട്ടി ഓഫീസ് കുരുതിക്കളമാക്കിയത് കോൺഗ്രസ്സ് !

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് സി.പി.എം.സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന ആ പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസാണ് തലസ്ഥാനത്ത് ആക്രമിക്കപ്പെട്ടിരിക്കുന്നത്. കല്ലേറല്ല സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നിരിക്കുന്നത്. ആസൂത്രിതമായ ഈ ആക്രമണം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കോൺഗ്രസ്സ് ആണ് ഇതിനു പിന്നിലെന്നാണ് സി.പി.എം നേതൃത്വം ആരോപിക്കുന്നത്. എന്നാൽ, അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാദിക്കുന്നത്. എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടാൽ ഉണ്ടാകുന്ന പ്രത്യാഘാതം തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയാണ് ഈ പ്രതികരണമെന്നതും വ്യക്തമാണ്. അക്രമണം സംബന്ധിച്ച യാഥാർത്ഥ്യം എന്താണെന്നത് ഇനി പൊലീസാണ് കണ്ടുപിടിക്കേണ്ടത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും അതിനു വേണ്ടിയാണ്. സി.പി.എമ്മിന്റെ എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഓഫീസുകൾ ആക്രമിക്കപ്പെടാൻ പാടില്ല. ജനാധിപത്യ വിരുദ്ധമായ അത്തരം നിലപാടുകൾ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് ആരായാലും അവരുടെ ലക്ഷ്യം നാട്ടിൽ കലാപം സൃഷ്ടിക്കുക എന്നതു തന്നെയാണ്. ഇത് തിരിച്ചറിഞ്ഞ് ആ ഗൗരവത്തിൽ തന്നെയാണ് പൊലീസും നടപടി സ്വീകരിക്കേണ്ടത്.

കോൺഗ്രസ്സാണ് ഈ ആക്രമണത്തിനു പിന്നിലെന്ന് പ്രതിയെ പിടികൂടുന്നതിനു മുൻപ് പറയുനത് ശരിയല്ല. എന്നാൽ, പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ഞങ്ങളുടെ ശൈലിയല്ലന്ന കോൺഗ്രസ്സ് നേതാക്കളുടെ വാദത്തിന് ഒരു തിരുത്തുണ്ട്. അത് ‘ചീമേനിയുടെ’ തിരുത്താണ്.

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത കൂട്ടക്കുരുതിയാണ് 35 വർഷം മുൻപ് ചീമേനിയിൽ ഉണ്ടായത്. കൃത്യമായി പറഞ്ഞാൽ 1987 മാർച്ച് 23ന് വൈകീട്ട്. സി.പി.എം ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പിടഞ്ഞു വീണത് കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവരാണ്. ഇന്നും സി.പി.എമ്മിനെ സംബന്ധിച്ച് ചോര തുടിക്കുന്ന ഓർമകളാണിത്.

സംഭവം ഇങ്ങനെ ആയിരുന്നു …..നിയമസഭാ തെരഞ്ഞെടുപ്പു ദിവസം ചീമേനിയിലെ പാർടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള അറുപതോളം പേരാണ് അന്നവിടെ ഉണ്ടായിരുന്നത്. സമയം വൈകിട്ട്‌ അഞ്ചു കഴിഞ്ഞതോടെ, തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽനിന്നും ആയുധങ്ങളുമായി, ഒരു സംഘം കുതിച്ചെത്തുകയാണ് ഉണ്ടായത്. കൈയിൽ കടലാസും പെൻസിലുമായി നിന്ന സി.പി.എം പ്രവർത്തകർക്ക് അപ്രതീക്ഷിതമായ ആ ആക്രമണത്തെ ചെറുക്കാൻ സാധിച്ചിരുന്നില്ല. ചിലർ ഓടിയപ്പോൾ മറ്റുള്ളവർ പാർടി ഓഫീസിനകത്തു തന്നെ അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങിയതോടെ വാതിൽ തുറക്കുന്നത് ബെഞ്ചും ഡെസ്കുമിട്ടാണ് അകത്തുള്ളവർ തടഞ്ഞിരുന്നത്.ഇതോടെ കൂടുതൽ പ്രകോപിതരായ അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിയുകയാണ് ഉണ്ടായത്. സി.പി.എം ഓഫീസിന് ഇരുനൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയിരുന്നില്ല. തുടർന്ന് അക്രമികൾ പുല്ലിൻകെട്ടുകൾ കൊണ്ടുവന്ന് ജനലുകൾ വഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തുകയാണ് ഉണ്ടായത്. നിമിഷങ്ങൾക്കകം തന്നെ ആ സി.പി.എം ഓഫീസ് അഗ്നിഗോളമായി മാറുകയാണ് ഉണ്ടായത്.

“ഒന്നുകിൽ അകത്ത് വെന്തുമരിക്കണം അല്ലെങ്കിൽ അക്രമികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം” ഇതു മാത്രമായിരുന്നു സി.പി.എം പ്രവർത്തകർക്കു മുന്നിലെ വഴികൾ. എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ എന്നുറപ്പിച്ച ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നിമിഷങ്ങൾക്കകം തന്നെ കുത്തിയും വെട്ടിയും അദ്ദേഹത്തെ കൊലപ്പെടുത്തുകയുണ്ടായി.സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കളായ കുമാരനും ഗംഗാധരനും ഈ സമയം ഓഫീസിനകത്ത് തന്നെയുണ്ടായിരുന്നു. തൊട്ടു പിന്നാലെ പുറത്തുചാടിയ ചാലിൽ കോരൻ്റെ വലതുകൈ അറുത്തുമാറ്റിയ ശേഷമാണ് കൊലചെയ്തിരുന്നത്. ഇതൊക്കെ സി.പി.എം ഓഫീസിനകത്തു നിന്നും അഗ്നിഗോളങ്ങൾക്കിടയിലൂടെ നോക്കി കണ്ടിരുന്നവരുടെ അവസ്ഥ നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. മൂന്നാമത് പുറത്തുവന്ന പി കുഞ്ഞപ്പന്റെ തലയാണ് അക്രമികൾ തല്ലിപ്പൊളിച്ചിരുന്നത്. എന്നിട്ടും തൃപ്തി വരാതെ പാർട്ടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞാണ് തീയിട്ടു കൊന്നിരുന്നത്. തുടർന്ന് പുറത്തുചാടിയ എം കോരന്റെ കാലാണ് ഘാതകർ ആദ്യം വെട്ടിമുറിച്ചത്. ഓടാൻ കഴിയാതെ വീണ കോരനെ കുത്തിയാണ് കൊലപ്പെടുത്തിയിരുന്നത്. ഇതിനു ശേഷം പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി കുറെ ദൂരം ഓടിയ ബാലകൃഷ്ണൻ ബോധംകെട്ട് വീണതോടെ മരിച്ചെന്ന ധാരണയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇതിനിടെ കൊലചെയ്യപ്പെടുമെന്ന ധാരണയിൽത്തന്നെ ഓഫീസിനകത്തുണ്ടായിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ചാടി ഓടുകയാണുണ്ടായത്.ഇവരെയും അക്രമിസംഘം പിന്തുടർന്ന് പരിക്കേൽപ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും ബാലകൃഷ്ണനെ പോലെ മരിച്ചെന്ന ധാരണയിൽ ഉപേക്ഷിക്കുകയാണുണ്ടായത്.

സി.പി.എം നേതാവായ കെ.വി കുഞ്ഞിക്കണ്ണൻ പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അടുത്ത കടയിൽ അഭയം തേടിയപ്പോൾ. കടയുടമയുടെ എതിർപ്പ് വകവയ്ക്കാതെ വലിച്ചിഴച്ച് റോഡിലിട്ടാണ് കൊലപ്പെടുത്തിയത്. അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായിരുന്നു ഈ കൊലപാതകവും.’ജാലിയൻവാലാബാഗിനു’ സമാനമായ സംഭവമെന്നാണ് ഈ കൂട്ടക്കുരുതിയെ ഇ എം എസ് വിശേഷിപ്പിച്ചിരുന്നത്. അന്ന് ചീമേനിയിൽ ആക്രമിക്കപ്പെട്ടത് സി.പി.എം ഓഫീസാണ് അക്രമകാരികൾ കോൺഗ്രസ്സുകാരുമാണ്. വ്യക്തിപരമായ വിദേഷം കൊണ്ടല്ല മറിച്ച് രാഷ്ട്രീയപരമായ പക കൊണ്ടാണ് സി.പി.എം പ്രവർത്തകർ കൂട്ടക്കൊല ചെയ്യപ്പെട്ടത്. അക്രമം കോൺഗ്രസ്സിന്റെ സംസ്ക്കാരമല്ലന്ന് പറയുന്നവർ ഈ ചരിത്രം കൂടി ഓർക്കുന്നത് നല്ലതാണ്.

EXPRESS KERALA VIEW

Top