കോൺഗ്രസ്സ് വൻ പ്രതിസന്ധിയിൽ , നേതാക്കളും എം.എൽ.എമാരും ബി.ജെ.പിയിലേക്ക്. അസാധാരണ നീക്കങ്ങൾ

ലോകസഭ തിരഞ്ഞെടുപ്പില്‍, എന്തു പറഞ്ഞാണ് കോണ്‍ഗ്രസ്സ് വോട്ട് പിടിക്കാന്‍ പോകുന്നതെന്നത് ഏറെ പ്രസക്തമായ കാര്യമാണ്. ജനങ്ങള്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു തന്നെ ആ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടമായി കഴിഞ്ഞിരിക്കുകയാണ്. രണ്ടാം യു.പി.എ സര്‍ക്കാറിന് ശേഷം അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിലെ പ്രബല നേതാക്കളുടെ വന്‍ നിര തന്നെയാണ് ബി.ജെ.പിയില്‍ ചേക്കേറിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ ഓപ്പറേഷന്‍ താമരയാണ് കോണ്‍ഗ്രസ്സിനെ അടിമുടി തകര്‍ക്കുന്നതിന് വഴിവച്ചിരിക്കുന്നത്.

രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ അടിവേരാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ഉത്തരരേന്ത്യയില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാന ഭരണം വെറും മൂന്ന് സംസ്ഥാനങ്ങളിലായി ഒതുങ്ങിയപ്പോള്‍ അതില്‍ രണ്ടും ദക്ഷിണേന്ത്യയിലാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ നിലപാടിനെ അനുകൂലിച്ചാണ് മന്ത്രിമാര്‍ രംഗത്ത് വന്നിരിക്കുന്നത്.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കിട്ടിയ ഉടനെ തന്നെ അത് നിരസിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ അവസാന നിമിഷം മാത്രമാണ് കോണ്‍ഗ്രസ്സ് തീരുമാനമെടുത്തിരുന്നത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാനായിരുന്നു തീരുമാനമെങ്കിലും ഈ നിലപാട് പൂര്‍ണ്ണമായും നടപ്പാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിരുന്നില്ല. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് പണിത ക്ഷേത്രമെന്ന് സി.പി.എം പരസ്യമായി പറയുമ്പോള്‍ ഉദ്ഘാടന ചടങ്ങ് സംഘപരിവാര്‍ പരിപാടിയാക്കിയതില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന്
പരാതിയുള്ളത്.

അയോദ്ധ്യ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ സി.പി.എമ്മും ലീഗും പാര്‍ലമെന്റില്‍ നിന്നും വിട്ടു നിന്നപ്പോള്‍ കോണ്‍ഗ്രസ്സ് ചര്‍ച്ചയില്‍ പങ്കെടുത്തതും അവരുടെ അവസരവാദ നിലപാടിന് ഉദാഹരണമാണ്. ഇതോടെ, വീണ്ടും വെട്ടിലായിരിക്കുന്നത് മുസ്ലിം ലീഗാണ്. കോണ്‍ഗ്രസ്സിനൊപ്പം ഒരേ മുന്നണിയില്‍ മത്സരിക്കുന്ന ലീഗ് നേതാക്കള്‍ക്ക് അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.അയോദ്ധ്യ വിഷയത്തില്‍ ഉള്‍പ്പെടെ, സി.പി.എം നേതൃത്വത്തിന്റെ ഉറച്ച നിലപാടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസരവാദ നിലപാടുമാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

മതങ്ങളെ കുറിച്ചും മത വിശ്വാസങ്ങളെ കുറിച്ചും പ്രത്യയശാസ്ത്രപരമായി തന്നെ ഉറച്ച നിലപാടാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ളത്. മതവിശ്വാസങ്ങളെ ബഹുമാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സി.പി.എം മുന്നോട്ടു വയ്ക്കുന്ന പ്രഖ്യാപിത നയം. മതം രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റുന്നതിനെ ശക്തമായി എതിര്‍ക്കുക എന്നതും സി.പി.എമ്മിന്റെ അജണ്ടയാണ്.

അതേസമയം, ഇക്കാര്യത്തില്‍ എല്ലാം… പ്രത്യയശാസ്ത്രപരമായ ഭീരുത്വമാണ് തുടര്‍ച്ചയായി കോണ്‍ഗ്രസ്സ് പ്രകടിപ്പിച്ചു വരുന്നത്. രാമക്ഷേത വിഷയത്തില്‍ ഹിമാചല്‍ പ്രദേശിലെ മന്ത്രിമാരുടെയും മധ്യാപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള… മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെയും പ്രതികരണത്തില്‍ തന്നെ അത് വ്യക്തവുമാണ്. നിലപാടുകളിലെ ഈ സാമ്യത ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളെ ബി.ജെ.പിയുമായി അടുപ്പിക്കുന്നതാണ്. കമല്‍നാഥ് തന്നെ ബി.ജെ.പിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ ഞെട്ടിക്കുന്ന നീക്കമാണിത്. ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ കമല്‍നാഥും ബി.ജെ.പി പാളയത്തില്‍ എത്തിയാല്‍ അതോടെ, മധ്യപ്രദേശിലെ കോണ്‍ഗ്രസ്സിന്റെ മരണമണിയാണ് മുഴങ്ങുക.

രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയും പിളര്‍പ്പിന്റെ വക്കിലാണുള്ളത്. ഇതില്‍… ഏത് വിഭാഗമാണ് ബി.ജെ.പിയില്‍ എത്തുക എന്നതു മാത്രമാണ് അറിയാനുള്ളത്. മധ്യാപ്രദേശിലും രാജസ്ഥാനിലും മാത്രമല്ല, ഇന്ത്യാ സഖ്യം പ്രതീക്ഷയര്‍പ്പിക്കുന്ന മഹാരാഷ്ട്രയിലും കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ട അവസ്ഥയിലാണുള്ളത്. ഓപ്പറേഷന്‍ താമര’ ഇവിടെയും വിജയം കണ്ടിരിക്കുകയാണ്.മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ സംസ്ഥാനത്തെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി മുന്നണിയിലെത്തുമെന്നാണ് വിവരം. ഭരണമുന്നണിയിലെ ബിജെപി ശിവസേന ഷിന്‍ഡെ വിഭാഗം അജിത് പവാറിന്റെ എന്‍.സി.പി എന്നീ പാര്‍ട്ടികളിലേക്ക് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയാണ് മറുകണ്ടം ചാടാന്‍ ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ്സ് വിട്ട ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖി, പുണെയില്‍ നിന്നുള്ള യുവനേതാവ് വിശ്വജിത് കദം, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ മുംബൈയില്‍ നിന്നുള്ള നേതാക്കളായ അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം, മുന്‍ മന്ത്രി യശോമതി ഠാക്കൂര്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ഭരണപക്ഷത്തെ പാര്‍ട്ടികളിലേക്ക് നീങ്ങുമെന്ന വിവരമുള്ളത്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും… മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ മകള്‍ പ്രണിതി എന്നിവരെ ബിജെപി ക്ഷണിച്ചതായ വാര്‍ത്തയും അന്തരീക്ഷത്തില്‍ സജീവമാണ്.

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷായുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15നു വിദര്‍ഭ മേഖലയില്‍ നടത്താനിരിക്കുന്ന പാര്‍ട്ടി പരിപാടിയുടെ ഭാഗമായി പ്രതിപക്ഷത്തെ കൂടുതല്‍ പേരെ എന്‍ഡിഎയില്‍ എത്തിക്കാനാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നത്.അശോക് ചവാന്റെ അപ്രതീക്ഷിത രാജിക്കു പിന്നാലെ, പിസിസി അധ്യക്ഷന്‍ നാനാ പഠോളെ ഡല്‍ഹിക്കു പുറപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ല. ഹൈക്കമാന്റിന് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഉള്ളത്.

രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാന സാഹചര്യമാണുള്ളത്. കൂടുതല്‍ സംസഥാനങ്ങളിലേക്ക്…തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ, ഓപ്പറേഷന്‍ താമര എത്തുമോ എന്നതും ഭയത്തോടെയാണ് നെഹറു കുടുംബം വീക്ഷിക്കുന്നത്. സോണിയ ഗാന്ധിയെയും മക്കളെയും മാത്രമല്ല , കെ.സി വേണുഗോപാല്‍ അടക്കമുള്ള ഹൈക്കമാന്റിലെ സകലരെയും നോക്കുകുത്തിയാക്കിയാണ് കോണ്‍ഗ്രസ്സില്‍ കയറി ബി.ജെ.പി ഇപ്പോള്‍ കളിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് ഇതാണ് സ്ഥിതിയെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്നത് കണ്ടു തന്നെ അറിയേണ്ടി വരും.

‘ഈ കോണ്‍ഗ്രസ്സിനെ കണ്ടാണോ വോട്ട് നല്‍കേണ്ടതെന്ന ചോദ്യം, അതു കൊണ്ടു തന്നെ പ്രസക്തവുമാണ്. രാഹുല്‍ ഗാന്ധിയെ അല്ല ഏത് നേതാവിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടിയാലും അത് ഏശുകയില്ല. ഇതു തിരിച്ചറിഞ്ഞു തന്നെയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സുമായി അകലം പാലിക്കുന്നത്. കോണ്‍ഗ്രസ്സുമായി ചേര്‍ന്നു സഖ്യമായി മത്സരിച്ചാല്‍ ഉള്ള വോട്ടുകളും പോകുമോ എന്ന ഭയം ആര്‍. ജെ.ഡി , സമാജ് വാദി പാര്‍ട്ടി നേതൃത്വങ്ങള്‍ക്കുമുണ്ട്. ബീഹാറില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ആര്‍.ജെ.ഡി വിശ്വാസത്തിലെടുക്കുന്നതും ഇടതുപാര്‍ട്ടികളെയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, മത്സരിച്ച ഭൂരിപക്ഷ സീറ്റുകളിലും വിജയിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിനാകട്ടെ വലിയ തിരിച്ചടിയാണുണ്ടായിരുന്നത്. കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതും, അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top