ലോകസഭ തിരഞ്ഞെടുപ്പ് ; തലസ്ഥാനത്ത് വൻ അട്ടിമറിക്ക് സാധ്യത, സീറ്റ് നഷ്ടമാകുമെന്ന ഭയത്തിൽ കോൺഗ്രസ്സ്

വിവാദമായ ഒറ്റ പ്രസ്താവനയിലൂടെ, സ്വന്തം കുഴികൂടിയാണിപ്പോള്‍ ശശി തരൂര്‍ കുഴിച്ചിരിക്കുന്നത്. മുസ്ലീം വോട്ടുകള്‍ എതിരായാല്‍, തിരുവനന്തപുരത്ത് വിജയിക്കുക എന്നത് തരൂരിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാകും. മുസ്ലീം ഭൂരിപക്ഷ മണ്ഡലമലെങ്കിലും, ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍, വിജയിക്കാന്‍ മുസ്ലീംവോട്ടുകളും തരൂരിന് നിര്‍ണ്ണായകമാണ്. അതാണിപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്.

കോഴിക്കോട്ടെ ലീഗ് വേദിയില്‍, ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിച്ച തരൂരിനെ തിരുവനന്തപുരത്തെ മഹല്ലുകളുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും ഒഴിവാക്കിയാണ്, മുസ്ലിം സംഘടനകള്‍ തിരിച്ചടിച്ചിരുന്നത്. ഇത്…കോണ്‍ഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് വെട്ടിലാക്കിയ കാര്യമാണ്. പലസ്തീന്‍ അനുകൂല നിലപാട് തരൂരും കോണ്‍ഗ്രസ്സും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇതൊന്നും തന്നെ… മുസ്ലിംവിഭാഗത്തിനുള്ളിലെ രോഷം തണുപ്പിക്കാന്‍ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടായിട്ടും, ഹമാസ് എന്ന സംഘടന ഭീകര സംഘടനയാണെന്ന നിലപാട് തിരുത്താന്‍, ഇതുവരെ തരൂര്‍ തയ്യാറായിട്ടില്ല. ലീഗ് വേദിയില്‍ നടത്തിയ പരാമര്‍ശം, ലീഗിനുള്ളില്‍ വലിയ പൊട്ടിത്തെറി സംഭവിച്ചതിനു പിന്നാലെയാണ് , കോണ്‍ഗ്രസ്സിലും വിഷയം കത്തിപടര്‍ന്നിരിക്കുന്നത്. തരൂര്‍, അത്തരമൊരു പരാമര്‍ശം നടത്തിയത് ശരിയായില്ലന്ന നിലപാട്, മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെയുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്നതാണ് അവരുടെ ഭയം. ലത്തീന്‍ സഭയ്ക്ക് പിന്നാലെ മുസ്ലിം വിഭാഗവും തരൂരിനെതിരായാല്‍, മണ്ഡലം കൈവിട്ടുപോകുമെന്നു തന്നെയാണ്, കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. തലസ്ഥാനത്ത്, തരൂരല്ലാതെ കോണ്‍ഗ്രസിന് മുന്നില്‍ ഇതുവരെ മറ്റൊരു സ്ഥാനാര്‍ത്ഥിയുമില്ലായിരുന്നു.

പുതിയ സാഹചര്യത്തില്‍ , മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കേണ്ടി വരുമോ എന്നതും, കോണ്‍ഗ്രസ്സ് ക്യാംപ് ആലോചിക്കുന്നുണ്ട്. മുന്‍ അരുവിക്കര എം.എല്‍ എയായ ശബരീനാഥന്റെ പേരാണ് ഇതോടെ സജീവമായിരിക്കുന്നത്. തരൂരുമായി അടുപ്പമുള്ള വ്യക്തിയായതിനാല്‍ , ശബരീനാഥിന്റെ പേര് മുന്നോട്ടുവച്ചാല്‍, തരൂരിനും എതിര്‍പ്പുണ്ടാകില്ലന്നു കണ്ടാണ്, ഇത്തരമൊരു ചര്‍ച്ചകളും നടക്കുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍, കെ മുരളീധരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യവും, മറ്റൊരുവിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഈ രണ്ടു വിഭാഗത്തിനും തരൂരിനെ മടുത്തു എന്നതും, ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയോജകമണ്ഡലങ്ങള്‍ ചേരുന്നതാണ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍, 15, 470 വോട്ടിന് ബി.ജെ.പിയിലെ ഒ.രാജഗോപാലിനെ തോല്‍പ്പിച്ച ശശിതരൂര്‍ 2019 – ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തുകയാണുണ്ടായത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരുവനന്തപുരം മണ്ഡലം എന്നത് ശക്തി കേന്ദ്രമാണ്

ബി ജെ പിയും ഇടതുപക്ഷവും അട്ടിമറി തീര്‍ക്കുമെന്ന വിലയിരുത്തലുകളെ നിഷ്പ്രഭമാക്കി, ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് തരൂര്‍ വിജയിച്ചിരുന്നത്. ഇതിന് ശബരിമല വിഷയവും, രാഹുല്‍ ഇഫക്ടും തരൂരിനെ തുണക്കുകയാണുണ്ടായത്. ശശിതരൂരിന് 4,14,057 വോട്ടുകളും, ബി ജെ പിയുടെ കുമ്മനം രാജശേഖരന് 3,13,925 വോട്ടുകളും ലഭിച്ചപ്പോള്‍, ഇടതുപക്ഷത്തു മത്സരിച്ച സിപിഐയുടെ സി ദിവാകരന്, 2,56,470 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതിനാല്‍, ഇത്തവണ തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യമാണ്, സി.പി.എം അണികള്‍ ഉയര്‍ത്തുന്നത്. ഇനിയും മൂന്നാം സ്ഥാനത്ത് പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍, സി.പി.എം അനുഭാവികള്‍ക്ക് ഉള്‍പ്പെടെ, ആവേശം നഷ്ടപ്പെടുന്നതും, അത് പിന്നീട് വോട്ടിങ്ങില്‍ പ്രതിഫലിക്കുന്നതും, മുന്‍ കാലങ്ങളിലും സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന ആരോപണം, സി.പി.ഐക്കു നേരെ ഉയര്‍ന്ന ഘട്ടം മുതലാണ് , സി.പി.എമ്മിനു വോട്ടു ചെയ്യുന്ന നല്ലൊരു വിഭാഗം , സി.പി.ഐയോട് അകന്നിരുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുക എന്നത്, ജില്ലയിലെ സി.പി.എം നേതാക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍, സി.പി.ഐക്കു വിട്ടു നല്‍കാന്‍, പകരം വേറെ മണ്ഡലം സി.പി.എമ്മിനു ഇല്ലാത്തതിനാല്‍ , സി.പി.ഐ തന്നെ , ഇത്തവണയും തലസ്ഥാനത്ത് മത്സരിക്കാനാണ് സാധ്യത. സി.പി.എം സീറ്റ് ഏറ്റെടുത്തില്ലങ്കില്‍, മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം , സി.പി.ഐ നേതൃത്വത്തോട് സി.പി.എം നേതാക്കള്‍ ആവശ്യപ്പെടും. ഈ സാഹചര്യത്തില്‍, സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പേരും, തിരുവനന്തപുരത്ത് പരിഗണിക്കപ്പെടാനാണ് സാധ്യത.

ബി.ജെ.പിയെ സംബന്ധിച്ചാണെങ്കില്‍ , ഇത്തവണ എങ്ങനെയെങ്കിലും മണ്ഡലം പിടിച്ചെടുക്കണമെന്നത് ദേശീയ നേതൃത്വത്തിന്റെ അജണ്ടയാണ്. തൃശൂരും തിരുവനന്തപുരവും ആണ് , ബി.ജെ.പി കേരളത്തില്‍ വിജയ സാധ്യത കാണുന്ന മണ്ഡലങ്ങള്‍. ഈ രണ്ടു മണ്ഡലങ്ങളിലും വിജയിക്കുന്നതിനായി  സാധ്യമായ എന്തും ചെയ്യുമെന്ന നിലപാടിലാണ് ബി.ജെ.പിയുള്ളത്.

കേന്ദ്രമന്ത്രിമാര്‍ മുതല്‍ , സെലിബ്രിറ്റികള്‍ വരെ , ബി.ജെ.പി പരിഗണനാ പട്ടികയിലുണ്ട്. പലസ്തീന്‍ വിഷയത്തില്‍ തരൂര്‍ വെട്ടിലായതില്‍ , ഏറ്റവും അധികം ആഹ്ലാദിക്കുന്നതും , ബി.ജെ.പി തന്നെയാണ്. ക്രൈസ്തവ – മുസ്ലീം വോട്ടുകള്‍ കൈവിട്ടാല്‍ , കോണ്‍ഗ്രസ്സിനു മണ്ഡലം നഷ്ടമാകുമെന്നു തന്നെയാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. തലസ്ഥാനത്ത് ഇത്തവണ നൂറ് ശതമാനവും വിജയം ഉറപ്പിക്കുന്ന ബി.ജെ.പിക്ക് , സി.പി.എം സ്ഥാനാര്‍ത്ഥി ഇവിടെ മത്സരിച്ചാല്‍ മാത്രമാണ് , ശക്തമായ വെല്ലുവിളി നേരിടേണ്ടി വരിക. അതാകട്ടെ , ഒരു യാഥാര്‍ത്ഥ്യവുമാണ്…

EXPRESS KERALA VIEW

 

Top