നരേഷ് പട്ടേലിനെയും പ്രശാന്ത് കിഷോറിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാവ് നരേഷ് പട്ടേലിനെയും പ്രശാന്ത് കിഷോറിനെയും പാര്‍ട്ടിയിലെത്തിച്ച് ഗുജറാത്തില്‍ വിജയം നേടാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ്.

നരേഷ് പാര്‍ട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസിന് ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്‌വ പറഞ്ഞിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ വളരെ പ്രധാനമായ സൗരാഷ്ട്ര മേഖലയില്‍ വിജയമുറപ്പിക്കാന്‍ നരേഷിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. കോദാല്‍ദം ട്രസ്റ്റിന്റെ ചെയര്‍മാനായ നരേഷ് പട്ടേല്‍ ഒരു സര്‍വ്വേ നടത്തുകയാണിപ്പോള്‍. സമുദായത്തിലെ യുവജനങ്ങള്‍ നടത്തുന്ന ഓരോ പട്ടേല്‍ വീടുകളും കയറിയിറങ്ങി നരേഷ് പട്ടേലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഏത് പാര്‍ട്ടിയില്‍ ചേരണമെന്നും അന്വേഷിക്കുകയാണ്. സര്‍വ്വേ ഫലത്തിനനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്ന് നരേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകളും ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ നടത്തി വരികയാണ്. എന്ത് വില കൊടുത്തും പ്രശാന്തിനെ പാര്‍ട്ടിയിലെത്തിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ചുമതലപ്പെടുത്തണമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുടെ ആവശ്യം.

 

Top