കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിച്ചു,ധാരണകള്‍ അങ്ങോട്ടും ഇങ്ങോട്ടും ബാധകം;ജോസ് കെ മാണി

Jose K. Mani

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)നെ അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതുകൊണ്ടാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ സിപിഎമ്മിനൊപ്പം ചേരാന്‍ തീരുമാനമെടുത്തതെന്നു കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി.

കോട്ടയത്തേത് പ്രാദേശികമായ വിഷയമാണ്. അതില്‍ പ്രാദേശികമായ തീരുമാനമെടുക്കും. ധാരണകള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. അല്ലാതെ ഒരു വിഭാഗം മാത്രം ധാരണ പാലിക്കണമെന്ന് പറയുന്നത് ശരിയല്ല. പ്രാദേശികമായി സിപിഎമ്മുമായി കൂട്ടു കൂടുക എന്നത് വലിയ കാര്യമല്ല. അത് കോണ്‍ഗ്രസും ചെയ്തിട്ടുണ്ട്. ബംഗാളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം നിന്നിട്ടുണ്ട്. അപമാനിക്കപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് മിണ്ടാതിരിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളാ കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ട്. അത് ഒരു വേദിയിലും പറഞ്ഞിട്ടില്ല. ആ മുറിവില്‍ പിന്നേയും മുളക് പുരട്ടുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കാന്‍ തന്നെയായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ അതിന് ശേഷം ഡിസിസി വിളിച്ചു കൂട്ടി കേരളാ കോണ്‍ഗ്രസിനെതിരെയും പാര്‍ട്ടി ചെയര്‍മാനെതിരേയും സംസാരിച്ച് അത് പത്രത്തില്‍ കൊടുക്കുകയും ചെയ്തപ്പോള്‍ അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു ചെയ്യണമായിരുന്നുവെന്നും ജോസ് കെ മാണി ചോദിച്ചു.

Top