ഈശ്വരപ്പയുടെ അറസ്റ്റ് വരെ സമരമെന്ന് നിലപാടിലുറച്ച് കോണ്‍ഗ്രസ്

ബം​ഗളൂരു: കരാറുകാരന്റെ ആത്മഹത്യയിൽ കർണാടക ഗ്രാമ വികസന മന്ത്രി എസ്.ഈശ്വരപ്പ രാജിവച്ചെങ്കിലും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോൺഗ്രസ്. ഇന്നലെയാണ് ബംഗളൂരുവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കരാറുകാരൻ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്ത കേസിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഈശ്വരപ്പയുടെ രാജി.

രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും ഈശ്വരപ്പയെ അറസ്റ്റു ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട്, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.

സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഈശ്വരപ്പയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാല് കോടി രൂപയുടെ റോഡ് പണി പൂർത്തിയാക്കാനായി കൈയിൽ നിന്ന് പണം മുടക്കിയിട്ട് ഒടുവിൽ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതിൽ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഇയാളുടെ ബന്ധുക്കളുടെ ആരോപണം. സന്തോഷ് പാട്ടീലിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്. കമ്മീഷൻ മാഫിയയ്ക്കെതിരെ കർണാടകയിലെ സംയുക്ത കോൺട്രാക്ടേഴ്സ് അസോസിയേഷൻ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും. 50,000 കോൺട്രാക്ടർമാർ റാലിയിൽ പങ്കെടുക്കുമെന്നും കോൺട്രാക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.

Top