കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനില്‍, ബോര്‍ഡുകളും ചുവരെഴുത്തുമെല്ലാം നീക്കേണ്ട അവസ്ഥയില്‍; ഇപി ജയരാജന്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ മാറ്റത്തില്‍ പരിഹാസവുമായി ഇപി ജയരാജന്‍. പലരും ചാടിയതോടെ കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ബോര്‍ഡുകളും ചുവരെഴുത്തുമെല്ലാം നീക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായിരുന്നു. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം. ഇതിന് പിന്നാലെയാണ് പരിഹാസവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ രംഗത്തെത്തിയത്.

അതേസമയം കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാല്‍ ഇന്ന് പ്രഖ്യാപിക്കും. വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനല്‍കിയത്. ബിജെപിയുടെ താര സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കാനുള്ള തീരുമാനം.

Top