ഐഎന്‍ടിയുസിയിലേക്ക് മടങ്ങാന്‍ രാജ്യത്തെ കോണ്‍ഗ്രസ്; കെ മുരളീധരനും തൊഴിലാളി യൂണിയനെ ഏകോപിപ്പിക്കും

ന്യൂഡല്‍ഹി: സ്വന്തം ട്രേഡ് യൂണിയനായ ഐഎന്‍ടിയുസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ച് എഐസിസി. താരിഖ് അന്‍വറാണ് സമിതിയുടെ അദ്ധ്യക്ഷന്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, കെ മുരളീധരന്‍, രാജാമണി പട്ടേല്‍, മുന്‍ എംപി ഉദിത് രാജ് എവന്നിവരാണ് സമിതി അംഗങ്ങള്‍. സോണിയാ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷയായി ഇരിക്കേ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദിഗ്‌വിജയ് സിങും സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഈ ഏകോപന സമിതി രൂപീകരിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഐഎന്‍ടിയുസി ദേശീയ അദ്ധ്യക്ഷന്‍ സഞ്ജീവ റെഡ്ഡിയും ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ എംപി സിഎസ് ദുബേയും തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടി പരിശോധിച്ചു.

ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഓരോ യൂണിയനുകളിലെയും അംഗങ്ങളുടെ എണ്ണവും രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സഞ്ജീവ റെഡ്ഡി നയിക്കുന്നതാണ് ശരിയായ ഐഎന്‍ടിയുസി എന്ന് പാര്‍ട്ടി കണ്ടെത്തിയെന്നും വേണുഗോപാല്‍ പറഞ്ഞു. ഐഎന്‍ടിയുസിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനി ഏകോപന സമിതിയുടെ ശ്രദ്ധയുണ്ടാവും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഓരോ നീക്കങ്ങളെയും പരിശോധിക്കും. തൊഴിലാളി വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ കരുതി വിഷയങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും റെഡ്ഡിയും ദുബേയും പരസ്പരം നല്‍കിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഐഎന്‍ടിയുസി ഭാരവാഹി തെരഞ്ഞെടുപ്പ് വേഗം തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും തെരഞ്ഞെടുപ്പ് പരാജയങ്ങളെ തുടര്‍ന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നിരവധി നേതാക്കളും നിരീക്ഷകരും ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിരവധി നേതാക്കളാണ്് ട്രേഡ് യൂണിയന്‍ രംഗത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തൊഴിലാളി രംഗത്ത് നിന്നാരും വരുന്നില്ലെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ട്രേഡ് യൂണിയന്‍ രംഗത്ത് കാര്യമായി ശ്രദ്ധ പുലര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനം.

Top