ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി

കൊച്ചി : ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു. നേതാക്കള്‍ അടക്കം കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ ഇനിയും ബി.ജെ.പിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസിനുള്ളത് ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണെന്ന് ടോം വടക്കന്‍ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളില്‍ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കന്‍ അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും അറിയിച്ചു.

Top